ഫഹദ് ഫാസിൽ Fahadh Faasil നായകനായെത്തിയ 'ധൂമം' Dhoomam എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് സജീവമായി ചുവടുവച്ചിരിക്കുകയാണ് ഹോംബാലെ ഫിലിംസ് Hombale Films. കേരളത്തിലെ 300ലധികം സ്‌ക്രീനുകളിൽ ഇന്നാണ് (ജൂണ്‍ 23) ചിത്രം റിലീസ് ചെയ്‌തത്. പ്രദര്‍ശന ദിനത്തില്‍ ഇന്ത്യയിൽ 700 സ്‌ക്രീനുകളിലും വിദേശത്ത് 100 ഇടങ്ങളിലുമാണ് 'ധൂമം' റിലീസിനെത്തിയത്.
ആദ്യ ദിനത്തില്‍ സിനിമയുടെ മലയാളം പതിപ്പ് കേരളത്തിൽ ഒരു കോടിയിലധികം കലക്ഷൻ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 1.8 കോടി രൂപയാണ് 'ധൂമ'ത്തിന്‍റെ കേരളത്തിലെ ആദ്യ ദിന ഗ്രോസ് കലക്ഷന്‍. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും റിലീസ് ചെയ്യാൻ നേരത്തെ പദ്ധതിയിട്ടിരുന്നുവെങ്കിലും നിലവില്‍ മലയാളം, കന്നട എന്നീ പതിപ്പുകള്‍ മാത്രമാണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.
'കെജിഎഫ് 2', 'കാന്താര' (റിലീസിന് ശേഷം) തുടങ്ങിയ സിനിമകളെ ദേശീയ പ്ലാറ്റ്‌ഫോമുകളിൽ മികച്ച രീതിയില്‍ പ്രമോട്ട് ചെയ്‌ത പ്രൊഡക്ഷൻ ഹൗസ്, 'ധൂമ'ത്തിന്‍റെ പ്രമോഷണല്‍ ബജറ്റ് ഗണ്യമായി കുറച്ചിരുന്നു. സിനിമയുടെ സ്‌ക്രിപ്‌റ്റിനെ വിശ്വസിച്ച നിര്‍മാതാക്കള്‍ ഒരു ലോ - കീ പ്രമോഷണല്‍ പ്ലാന്‍ സോഷ്യല്‍ മീഡിയയിലൂടെ നടപ്പാക്കുകയും ചെയ്‌തിരുന്നു.
ഫഹദിന്‍റെ നായികയായി അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ വേഷമിട്ടത്. സിനിമയില്‍ അവി എന്ന കഥാപാത്രത്തെ ഫഹദ് ഫാസിലും ദിയ എന്ന കഥാപാത്രത്തെ അപർണ ബാലമുരളിയും അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ റോഷൻ മാത്യു, അച്യുത് കുമാർ, അനു മോഹൻ, വിനീത്, ജോയ് മാത്യു, രാധാകൃഷ്‌ണൻ, നന്ദു തുടങ്ങിയവരും അണിനിരന്നു.