മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബോളിവുഡ് താരം ധര്‍മേന്ദ്ര ആശുപത്രി വിട്ടു. പതിവ് പരിശോധനയുടെ ഭാഗമായാണ് 86കാരനായ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ധര്‍മേന്ദ്ര പൂര്‍ണമായും സുഖപ്പെട്ടുവെന്നും വീട്ടിലേക്ക് മടങ്ങിയെന്നും കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ധര്‍മേന്ദ്ര ആശുപത്രി വിട്ടു; സുഖം പ്രാപിച്ചുവെന്ന് കുടുംബം
കഴിഞ്ഞ ആഴ്‌ചയാണ് ധര്‍മേന്ദ്രയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
'പതിവ് പരിശോധനയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം പൂർണമായും സുഖപ്പെട്ടിരിക്കുന്നു, ഇപ്പോൾ വീട്ടിലാണ്,' അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ആഴ്‌ചയാണ് ധര്‍മേന്ദ്രയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് താരമായിരുന്ന ധർമേന്ദ്ര, 1960ൽ അർജുൻ ഹിംഗോറാണിയുടെ 'ദിൽ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'ഷോലെ', 'ചുപ്കെ ചുപ്കെ', 'യാദോൻ കി ബാരാത്', 'സത്യകം', 'സീത ഓർ ഗീത' തുടങ്ങിയവയാണ് പ്രശസ്‌തമായ ചിത്രങ്ങള്‍. ജയ ബച്ചൻ, ശബാന ആസ്‌മി, ആലിയ ഭട്ട്, രൺവീർ സിങ് എന്നിവർക്കൊപ്പം കരൺ ജോഹറിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിലാണ് ധര്‍മേന്ദ്ര നിലവില്‍ അഭിനയിക്കുന്നത്.