സിനിമാപ്രമികളുടെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളില്‍ എത്തിയ രജനികാന്ത് ചിത്രം ജയിലറിന് (Jailer) മികച്ച പ്രതികരണം. രജനികാന്തിനും (Rajinikanth) സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‌കുമാറിനും (Nelson Dilipkumar) നല്ലൊരു തിരിച്ചുവരവായി മാറിയിരിക്കുകയാണ് ഈ ചിത്രമെന്ന് ഉറപ്പിക്കുന്നതാണ് ആദ്യ ദിന പ്രതികരണങ്ങള്‍. രജനികാന്ത് മാജിക് ബിഗ് സ്‌ക്രീനില്‍ കാണാനായി ആരാധകര്‍ തിയേറ്ററുകളിലേക്ക് ഇരച്ചുകയറി. ഒപ്പം ഏതാനും സിനിമ താരങ്ങളും ജയിലര്‍ തരംഗത്തില്‍ പങ്കുചേര്‍ന്നു.
ഇപ്പോഴിതാ 'ജയിലര്‍' ആദ്യ ദിനം ആദ്യ ഷോ കാണാന്‍ തിയേറ്ററുകളില്‍ എത്തിയ ധനുഷ് ആണ് വാര്‍ത്ത തലക്കെട്ടുകളില്‍. രജനികാന്തിന്‍റെ കടുത്ത ആരാധകന്‍ കൂടിയായ ധനുഷ് തന്‍റെ വരാനിരിക്കുന്ന ചിത്രമായ 'ക്യാപ്‌റ്റന്‍ മില്ലര്‍' പുതിയ ലുക്കിലാണ് 'ജയിലര്‍' കാണാന്‍ എത്തിയത്.
പ്രദര്‍ശന ദിനം തന്നെ തിയേറ്ററില്‍ എത്തിയ ധനുഷും രജനികാന്തിന്‍റെ മകള്‍ ഐശ്വര്യ രജനികാന്തും തിയേറ്ററിലെ ഗംഭീര ആഘോഷ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഐശ്വര്യയും ധനുഷും മാത്രമല്ല 'ജയിലര്‍' ആദ്യ ഷോ കാണാന്‍ എത്തിയത്. രജനികാന്തിന്‍റെ ഭാര്യ ലത രജനികാന്തും രാഘവ ലോറൻസും പ്രദര്‍ശന ദിനം തന്നെ 'ജയിലര്‍' കണ്ടു.
'ഇത് ജയിലര്‍ ആഴ്‌ച' എന്ന് കുറിച്ച് കൊണ്ട് രണ്ട് ദിവസം മുമ്പ് ധനുഷ് ട്വീറ്റ് ചെയ്‌തിരുന്നു. അതേസമയം അടുത്തിടെയാണ് ധനുഷും രജനികാന്തിന്‍റെ മകള്‍ ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞത്. നീണ്ട 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ധനുഷും ഐശ്വര്യ രജനികാന്തും അവസാനിപ്പിച്ചത്. ഐശ്വര്യയുമായി വിവാഹം കഴിച്ചതോടെ രജനികാന്തുമായി നല്ല ബന്ധമായിരുന്നു ധനുഷിന്.
Also Read:ജയിലർ വന്നു, ആഘോഷ ലഹരിയില്‍ ആരാധകർ; തലൈവര്‍ ചിത്രത്തിന് ഗംഭീര സ്വീകരണം