ന്യൂഡൽഹി : അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള യാത്രാനിയന്ത്രണം ജൂലൈ 31 വരെ നീട്ടി. ഇക്കാര്യം വിശദീകരിച്ച് ഡിജിസിഎ ബുധനാഴ്‌ച സർക്കുലര്‍ ഇറക്കി. ജൂൺ 30ന് വിലക്ക് അവസാനിക്കാനിരിക്കെയാണ് വാണിജ്യ വിമാന സർവീസുകൾക്കുള്ള നിരോധനം വീണ്ടും നീട്ടിയത്.
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി കേന്ദ്രം - അന്താരാഷ്ട്ര വിമാന സർവീസുകൾ
വാണിജ്യ വിമാന യാത്രാവിലക്ക് ഡിജിസിഎ വീണ്ടും നീട്ടിയത് ജൂൺ 30ന് കാലാവധി അവസാനിക്കാനിരിക്കെ.
എന്നാൽ പ്രത്യേക ചരക്ക് വിമാനങ്ങൾ, രാജ്യങ്ങളുമായി എയർ ബബിൾ കരാർ പ്രകാരമുള്ള സർവീസുകൾ എന്നിവ തുടർന്നും പ്രവർത്തിക്കും. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ സാഹചര്യങ്ങൾ പരിഗണിച്ച് ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ അനുവദിച്ചേക്കാമെന്നും ഡിജിസിഎ അറിയിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 23 മുതലാണ് ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചത്. എന്നാൽ കഴിഞ്ഞ വർഷം മെയ് മുതൽ വന്ദേ ഭാരത് മിഷന് കീഴിലും ജൂലൈ മുതൽ തെരഞ്ഞെടുത്ത രാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിന്ന് വിമാന സർവീസ് നടത്തുന്നുണ്ട്.
യുഎസ്, യുഎഇ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ 27 ലധികം രാജ്യങ്ങളുമായി സർക്കാർ എയർ ബബിൾ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.