ഇൻഡോറില്‍ ക്ഷേത്രക്കിണർ തകർന്നു ഇൻഡോർ :മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രത്തിൽ രാമ നവമി ആഘോഷങ്ങൾക്കിടെ കിണര്‍ തകർന്ന് 13 മരണം. 11 മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്തു. മറ്റ് രണ്ട് പേർ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. മുതിർന്നവരും സ്ത്രീകളും കുട്ടികളും അടക്കം ക്ഷേത്രത്തിലെത്തിയ 35 ഓളം പേരാണ് കിണറ്റിൽ വീണത്.
19 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ശേഷിക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പട്ടേൽ നഗറിലെ ബലേശ്വർ ക്ഷേത്രത്തിലാണ് സംഭവം. നൂറുകണക്കിന് ആളുകളാണ് രാമനവമി ആഘോഷങ്ങൾക്കായി ക്ഷേത്രത്തിൽ എത്തിയത്. ഇതിനിടെ കൂടുതൽ പേർ കിണറിന്‍റെ ഭാഗത്തേക്ക് നീങ്ങിയതോടെ മൂടി ഇടിഞ്ഞ് വീഴുകയായിരുന്നു.
രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സംഘവും എസ്‌ഡിഇആർഎഫ് ടീമും ഫയർഫോഴ്‌സും ജില്ല റവന്യൂ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങള്‍ വിലയിരുത്തി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. 'ഇൻഡോറിലെ അപകടത്തിൽ അങ്ങേയറ്റം വേദനയുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ജിയുമായി സംസാരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ദ്രുതഗതിയിൽ നേതൃത്വം നൽകുന്നു. എല്ലാ ദുരിതബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എന്‍റെ പ്രാർഥനകൾ' - പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
അതേസമയം കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം പുറത്തെത്തിക്കാൻ ഇൻഡോർ കമ്മിഷണർക്കും കലക്‌ടർക്കും നിർദേശം നൽകിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. 'സിഎംഒ ഇൻഡോർ ജില്ല ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇൻഡോർ പൊലീസിലെയും ജില്ല ഭരണകൂടത്തിലെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ഭക്തരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ചിലരെ രക്ഷപ്പെടുത്തിയിട്ടുണ്ട്' - മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്‌താവനയിൽ അറിയിച്ചു.