ബൊക്കാറോ : ജാർഖണ്ഡിൽ ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബൊക്കാറോ ജില്ലയിലെ പെതർവാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഷിയാ സമൂഹം മുഹറം മാസത്തിൽ നടത്തുന്ന ചടങ്ങാണ് ആശൂറ ഘോഷയാത്ര.
ചടങ്ങിൽ ജനക്കൂട്ടം തെരുവിലൂടെ നടന്നുനിങ്ങുന്നതിനിടയിൽ 11,000 വോൾട്ട് ഹൈ ടെൻഷൻ വയറിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ പത്തോളം പേർക്ക് ഷോക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഹൈ ടെൻഷൻ വയറിൽ തട്ടയിതിനെ തുടർന്ന് വൈദ്യുതി വിതരണത്തിനായി സൂക്ഷിച്ചിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചതോടായാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്.
അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ഡിവിസി ബൊക്കാറോ തെർമൽ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ നാല് പേരുടെ ജീവൻ നഷ്‌ടപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു.
രാമനവമി ഘോഷയാത്രക്കിടെ വൈദ്യുതാഘാതം : ഇക്കഴിഞ്ഞ മാർച്ച് 30 ന് രാജസ്ഥാനിലെ കോട്ടയിൽ രാമനവമി ഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കോട്ട ജില്ലയിലെ സുൽത്താൻപൂരിന് അടുത്തുള്ള കോത്ര ദീപ്‌സിങ് ഗ്രാമത്തിൽ ആണ് സംഭവം. ലളിത്, അഭിഷേക്, മഹേന്ദ്ര എന്നിവരാണ് മരിച്ചത്.
ഘോഷയാത്രയിൽ അഖാഡ (Akhada) എന്ന ആയോധന കല യുവാക്കള്‍ അവതരിപ്പിക്കുന്നതിനിടെ കൈയില്‍ ഉണ്ടായിരുന്ന ആയുധം വൈദ്യുതി ലൈനില്‍ തട്ടിയാണ് യുവാക്കൾക്ക് ഷോക്കേറ്റത്.