മുംബൈ: ദിവസങ്ങൾ നീണ്ടു നിന്ന രാഷ്ട്രീയ പ്രതിസന്ധിക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് മഹാരാഷ്ട്രയില്‍ പുതിയ സർക്കാർ അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയെ പ്രഖ്യാപിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയത് അപ്രതീക്ഷിത നീക്കം. ബിജെപി നേതൃത്വം നല്‍കുന്ന സർക്കാരില്‍ ഉപമുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെ വരുമെന്നും ദേവേന്ദ്രഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നുമായിരുന്നു ആദ്യ സൂചനകൾ. എന്നാല്‍ അപ്രതീക്ഷിത പ്രഖ്യാപനം വന്നതോടെ മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും ശ്രദ്ധാ കേന്ദ്രമായി. ഇന്ന് (30.06.22)ന് വൈകിട്ട് ഏഴരയ്ക്ക് ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ.
40 വിമത ശിവസേന എംഎല്‍എമാരുമായി ഏക്‌നാഥ് ഷിൻഡെ ആദ്യം ഗുജറാത്തിലേക്കും പിന്നീട് അസമിലെ ഗുവാഹത്തിയിലേക്കും പോയതോടെയാണ് പുതിയ സർക്കാരിന് കളമൊരുങ്ങിയത്. ഇന്ന് രാവിലെ മുംബൈയില്‍ മടങ്ങിയെത്തിയ ഏക്‌നാഥ് ഷിൻഡെ ദേവേന്ദ്രഫഡ്‌നാവിസിനെ വീട്ടിലെത്തി കണ്ടിരുന്നു. അതിനു ശേഷം ഇരുവരും ഒന്നിച്ചാണ് രാജ്‌ഭവനിലെത്തി ഗവർണറെ കണ്ടത്.
എംഎല്‍എമാരുടെ പിന്തുണ അറിയിക്കുന്ന കത്ത് ഫഡ്‌നാവിസ് ഗവർണർക്ക് കൈമാറിയിരുന്നു. വിമത ശിവസേന എംഎല്‍എമാർ അടക്കം 170 പേരുടെ പിന്തുണയാണ് പുതിയ സർക്കാർ അവകാശപ്പെടുന്നത്. കനത്ത സുരക്ഷ വലയത്തിലാണ് ഏക്‌നാഥ് ഷിൻഡെ മുംബൈയില്‍ മടങ്ങിയെത്തിയ ശേഷം ഫഡ്‌നാവിസിനെ കാണാനെത്തിയത്. അതിനിടെ ശിവസേന പ്രവർത്തകരുടെ ചെറിയ പ്രതിഷേധങ്ങൾ മുംബൈ നഗരത്തിലുടനീളം കാണാമായിരുന്നു.
രാജിവെച്ചൊഴിഞ്ഞ് ഉദ്ധവ്:മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പിന് സുപ്രീംകോടതി അനുമതി നല്‍കിയതിനെ തുടർന്ന് ഇന്നലെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഫേസ്‌ബുക്ക് ലൈവിലൂടെ രാജിപ്രഖ്യാപനം നടത്തിയിരുന്നു. മഹാരാഷ്ട്ര ലെജിസ്‍ലേറ്റീവ് കൗൺസിൽ അംഗത്വവും ഉദ്ധവ് താക്കറെ രാജിവച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ലൈവിൽ ഉദ്ധവ് നന്ദി അറിയിച്ചു.
ചെയ്‌തതെല്ലാം മറാത്തക്കാർക്കും, ഹിന്ദുകള്‍ക്കും വേണ്ടിയാണെന്ന് വ്യക്തമാക്കിയ ഉദ്ധവ് താക്കറെ, ബാലാസാഹിബിന്‍റെ മകനെ വീഴ്ത്തിയതിൽ നിങ്ങള്‍ക്ക് അഭിമാനിക്കാം എന്ന് വിമതരെ പരിഹസിക്കുകയും ചെയ്‌തു. ശിവസേനയെ സ്വന്തം നേട്ടത്തിനായി മാത്രം കണ്ടവരാണ് പാര്‍ട്ടി വിട്ടതെന്നും ഉദ്ധവ് പറഞ്ഞു. എന്ത് പ്രശ്‌നമുണ്ടെങ്കിലും നേരിട്ട് ചർച്ച നടത്താമായിരുന്നു. ജനാധിപത്യം നമ്പറുകൾ കൊണ്ടുള്ള കളിയാണെങ്കിൽ തനിക്ക് അതിൽ താത്പര്യമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത്.
തകർന്നുവീണ മഹാവികാസ് അഘാഡി: 2019-ലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിന് രൂപം കൊടുത്തത്. 105 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ തള്ളിയായിരുന്നു സഖ്യ സർക്കാരിന്‍റെ രൂപീകരണം. രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമതർ കലാപം പ്രഖ്യാപിച്ചതോടെയാണ് മഹാരാഷ്‌ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നത്.
സർക്കാർ രൂപീകരണത്തിൽ ശിവസേനയ്ക്ക് നഷ്‌ടം മാത്രമാണ് സംവിച്ചതെന്നായിരുന്നു വിമതരുടെ പ്രധാന ആക്ഷേപം. ഉദ്ധവ് ഹിന്ദുത്വം മറക്കുന്നതായും ആരോപിച്ച ഷിൻഡെയും സംഘവും ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സർക്കാരിന് പിന്തുണ പിൻവലിച്ച ഷിൻഡെയും എംഎല്‍എമാരും സൂറത്തിലെ ലെ മെറിഡിയൻ ഹോട്ടലിലേക്ക് കടന്നു. പിന്നാലെ 40 എംഎൽമാരുമായി ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂവിലേക്ക്. ഇതിനിടെ വിമതരെ തിരിച്ചെത്തിക്കാൻ ഉദ്ധവും സംഘവും നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
വ്യാഴാഴ്‌ച വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ വിമതര്‍ ബുധനാഴ്‌ച (29-06-2022) വൈകീട്ടോടെ ഗോവയിലേക്ക് തിരിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്‌ച മുംബൈയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. പിന്നാലെ വിശ്വാസ വോട്ടെടുപ്പിനെതിരായ ഹർജിയിൽ സുപ്രീംകോടതി കൂടി കൈവിട്ടതോടെയാണ് മഹാരാഷ്ട്രയിൽ അഘാഡിക്ക് അടിതെറ്റിയത്.