കേരളം

kerala

ETV Bharat / bharat

ഷിൻഡെയെ മുന്നില്‍ നിർത്തി ഉദ്ധവിനെ പൂട്ടിയ ഫഡ്‌നാവിസിന്‍റെ 'ദേവേന്ദ്രതന്ത്രം' - ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു

ഷിൻഡെയും കൂട്ടരും ബിജെപിയില്‍ ചേർന്നില്ല. പകരം യഥാർഥ ശിവസൈനികർ തങ്ങളാണെന്ന് ഷിൻഡെ പറഞ്ഞതോടെ ഉദ്ധവ് പക്ഷത്തെ അംഗബലം കുറഞ്ഞുവന്നു. കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്ന് ശിവസൈനികന് നില്‍ക്കാനാകില്ല എന്ന രാഷ്ട്രീയ നയം ഷിൻഡെ ആവർത്തിച്ചപ്പോൾ അത് ബിജെപിയുടെ പിന്തുണ ഊട്ടിയുറപ്പിക്കുകയായിരുന്നു.

Devendra Fadnavis master brain Sena leader Eknath Shinde Maharashtra CM
ഉദ്ധവിനെ പൂട്ടാൻ ഷിൻഡെയെ മുന്നില്‍ നിർത്തി ഫഡ്‌നാവിസിന്‍റെ 'ദേവേന്ദ്രതന്ത്രം'

By

Published : Jun 30, 2022, 7:19 PM IST

മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസ്, രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ബിജെപി നേതാവ്. 44-ാം വയസില്‍ മുഖ്യമന്ത്രിയാകുമ്പോൾ ഇന്ത്യയുടെ സാങ്കേതിക, വാണിജ്യ, വ്യവസായ, സിനിമ തലസ്ഥാനമായ മുംബൈ കൂടി ഉൾപ്പെടുന്ന മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു നാഗ്‌പൂരില്‍ നിന്നുള്ള ദേവേന്ദ്ര ഫഡ്‌നാവിസ്. 27-ാം വയസില്‍ ഫഡ്‌നാവിസ് നാഗ്‌പൂരിന്‍റെ മേയറാകുമ്പോൾ അതുമൊരു റെക്കോഡായിരുന്നു.

അടിതെറ്റിയ 2019: ശിവസേനയുമായി സഖ്യം ചേർന്നാണ് ബിജെപി 2019ലെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം വന്നപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായി നിയമസഭയിലെത്തുമ്പോൾ ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ പേരില്‍ ബിജെപിയുമായുള്ള സഖ്യം വിട്ട ശിവസേന ദശാബ്‌ദങ്ങളായി ശത്രുപക്ഷത്തായിരുന്ന എൻസിപി-കോൺഗ്രസ് എന്നിവരുമായി ചേർന്ന് സർക്കാരുണ്ടാക്കി.

അപ്രതീക്ഷിതമായി കിട്ടിയ അവസരം എൻസിപിയും കോൺഗ്രസും മുതലാക്കി മഹാവികാസ് അഘാഡി സർക്കാർ എന്ന പേരില്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കിയപ്പോൾ ശരിക്കും ഞെട്ടിയത് ദേവേന്ദ്ര ഫഡ്‌നാവിസാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അധികാരമില്ലാതെ ഫഡ്‌നാവിസും ബിജെപിയും കളമൊഴിഞ്ഞു.

വാർത്ത തലക്കെട്ടുകൾ മാറ്റിയെഴുതിച്ച ദേവേന്ദ്ര ബുദ്ധി: ശിവസൈനികർക്ക് ഒരിക്കലും ഹിന്ദുത്വ എന്ന ആശയത്തില്‍ നിന്ന് വഴിമാറാൻ കഴിയില്ലെന്ന വിശ്വാസം മുറുകെ പിടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് കാത്തിരുന്നു. ശിവസേനയിലെ അസംതൃപ്‌തരെ കണ്ടെത്തി. കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യ സർക്കാരില്‍ നിന്ന് അവഗണന നേരിട്ട ശിവസേന എംഎല്‍എമാരെ കൂട്ടിപ്പിടിച്ചു.

ഒടുവില്‍ സാക്ഷാല്‍ ഉദ്ധവ് താക്കറെയെ തന്നെ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തി 40 എംഎല്‍എമാരുമായി മഹാരാഷ്ട്ര മന്ത്രിയും ശിവസൈനികനുമായ ഏക്‌നാഥ് ഷിൻഡെ ബിജെപി പാളയത്തിലെത്തി. അവിടെയും ബിജെപിയും ഫഡ്‌നാവിസും കരുതലോടെ കളിമെനഞ്ഞു. ഷിൻഡെയും കൂട്ടുകാരും ബിജെപിയില്‍ ചേരുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്ധവും സംഘവും. അങ്ങനെ വന്നാല്‍ അവരെ അയോഗ്യരാക്കി ഭരണം തുടരാമെന്ന് താക്കറെയും സംഘവും വിശ്വസിച്ചു.

പക്ഷേ തന്നെ വിശ്വസിച്ച് പാർട്ടിയില്‍ കലാപം സൃഷ്ടിച്ചവരെ ദേവേന്ദ്ര ഫഡ്‌നാവിസ് രാഷ്ട്രീയ ബുദ്ധികൊണ്ടാണ് ഒപ്പം പിടിച്ചത്. ഷിൻഡെയും കൂട്ടരും ബിജെപിയില്‍ ചേർന്നില്ല. പകരം യഥാർഥ ശിവസൈനികർ തങ്ങളാണെന്ന് ഷിൻഡെ പറഞ്ഞതോടെ ഉദ്ധവ് പക്ഷത്തെ അംഗബലം കുറഞ്ഞുവന്നു. കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്ന് ശിവസൈനികന് നില്‍ക്കാനാകില്ല എന്ന രാഷ്ട്രീയ നയം ഷിൻഡെ ആവർത്തിച്ചപ്പോൾ അത് ബിജെപിയുടെ പിന്തുണ ഊട്ടിയുറപ്പിക്കുകയായിരുന്നു.

ഏറ്റവും ഒടുവില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് ഉദ്ധവിനെ രാജിവെപ്പിച്ചപ്പോൾ 'മഹാരാഷ്ട്രയില്‍ ബിജെപി സർക്കാർ' എന്ന് വാർത്ത തലക്കെട്ടുകൾ നിറഞ്ഞു. സുപ്രീംകോടതി വിധി വന്ന് ഒരു രാത്രി അവസാനിച്ചപ്പോൾ അസമിലെ ഗുവാഹത്തിയില്‍ നിന്ന് ഏക്‌നാഥ് ഷിൻഡെയും സംഘവും മുംബൈയിലെത്തി. മുംബൈയിലെത്തിയ ഷിൻഡെ ദേവേന്ദ്ര ഫഡ്‌നാവിസിനെ വീട്ടിലെത്തി കണ്ടു.

ഉടൻ വന്നു വാർത്ത തലക്കെട്ടുകൾ. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ഷിൻഡെ ഉപമുഖ്യന്ത്രിയാകും. മണിക്കൂറുകൾക്കപ്പുറം വാർത്ത തലക്കെട്ടുകൾ മാറ്റിയെഴുതേണ്ടി വന്നു. അപ്രതീക്ഷിത ട്വിസ്റ്റ് പ്രഖ്യാപിച്ചതും ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ. ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും. ശരിക്കും ദേവേന്ദ്രബുദ്ധി.

'ഇനിയാണ് കളി, ഉദ്ധവിനെ അടപടലം പൂട്ടുന്ന കളി': യഥാർഥ ശിവസൈനികർ ആരാണെന്ന ചോദ്യമാണ് ഇനി ശേഷിക്കുന്നത്. ഏക്നാഥ് ഷിൻഡെ അധികാര കേന്ദ്രമാകുന്നതോടെ ശിവസേനയില്‍ ഉദ്ധവിന്‍റെ സ്വാധീനം നഷ്ടമാകും. മകൻ ആദിത്യ താക്കറെയും സഞ്ജയ് റാവത്തും മാത്രമാണ് ഇപ്പോൾ ഉദ്ധവിന് പരസ്യ പിന്തുണ നല്‍കുന്നത്. ശിവസേനയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ നിന്നുള്ള എംഎല്‍എമാരെല്ലാം ഷിൻഡെയ്‌ക്ക് ഒപ്പമാണ്.

ബിജെപിയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ശിവസേനയുടെ പൂർണ നിയന്ത്രണം ഷിൻഡെയിലേക്ക് മാത്രമായി ഒതുങ്ങണം എന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ആഗ്രഹിക്കുന്നത്. കാലക്രമേണ ഷിൻഡെയ്ക്ക് ശേഷം ആരെന്ന തർക്കം ശിവസേനയിലുണ്ടാകും. അത് വരെ ഫഡ്‌നാവിസ് കാത്തിരിക്കും.

വരാനിരിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, പാർലമെന്‍റ് തെരഞ്ഞെടുപ്പുകൾ ഷിൻഡെയുടെ ശക്തിയും രാഷ്ട്രീയ മികവും മാറ്റുരയ്‌ക്കാനുള്ള വേദിയാണ്. അതിന് ശേഷം വരുന്ന നിയമസഭ തെരഞ്ഞെടുപ്പാണ് ദേവേന്ദ്രബുദ്ധിയുമായി കാത്തിരിക്കുന്ന ഫഡ്‌നാവിസിന്‍റെ ശരിക്കുമുള്ള കളിക്കളം. അപ്പോഴും മഹാ രാഷ്ട്രീയ നാടകം ഇങ്ങനെ തന്നെ തുടരും.

ABOUT THE AUTHOR

...view details