തിരുച്ചി: ഭാരതത്തിലെ ക്രിസ്‌തീയ വിശ്വാസികളിൽ പുതുവെളിച്ചം പകർന്നുനൽകിക്കൊണ്ട് വാഴ്‌ത്തപ്പെട്ട ദേവസഹായംപിള്ള നാളെ വിശുദ്ധ പദവിയിലേക്ക്. രക്തസാക്ഷിത്വത്തിന്‍റെ മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ക്രിസ്‌തീയ മതം സ്വീകരിച്ച് കത്തോലിക്കാസഭയിലേക്കെത്തിയ ദേവസഹായത്തെ ഞായറാഴ്‌ച (മെയ് 15) റോമിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും.
വിശുദ്ധരുടെ ഗണത്തിലേക്കെത്തുന്ന ആദ്യ തമിഴ് വംശജനെന്നതിലുപരി, മിഷനറിയോ വൈദികനോ അല്ലാതെ കത്തോലിക്കാസഭയിലേക്ക് ആകൃഷ്‌ടനായെത്തിയ ഒരു സാധാരണക്കാരൻ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നത് ക്രിസ്‌തീയചരിത്രത്തിൽ തന്നെ ഇതാദ്യമാണ്.
1712 ഏപ്രിൽ 23ന് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം നട്ടാലത്ത് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിൽക്കാലത്ത് ക്രിസ്‌തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായി മാറിയത്. നായർ സമുദായക്കാരനായിരുന്ന അദ്ദേഹം മാർത്താണ്ഡവർമയുടെ ഭരണകാലത്ത് തിരുവിതാംകൂർ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. പ്രബല ജാതിക്കാർ ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് സർവസാധാരണമായിരുന്ന അക്കാലത്ത്, ഉയർന്ന ജാതിക്കാരുടെ മതപരിവർത്തനം നിരോധിച്ചുകൊണ്ട് രാജകൽപ്പന പുറപ്പെടുവിക്കപ്പെട്ടു.
ക്രിസ്‌തുമതം സ്വീകരിക്കുന്നതിനുള്ള സന്ദർഭം: 1741ൽ കുളച്ചൽ തുറമുഖം പിടിച്ചെടുക്കാൻ ഡച്ചുകാർ തിരുവിതാംകൂർ രാജാവുമായി യുദ്ധം ചെയ്തു. ഈ നാവിക യുദ്ധത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തുകയും ഡച്ച് സൈന്യത്തിന്‍റെ കമാൻഡർ ബെനഡിക്‌ടസ് ഡി ലാനോയ് എന്ന കത്തോലിക്കനെ തടവിലാവുകയും ചെയ്‌തു. പിന്നീട് രാജാവ് അദ്ദേഹത്തെ സൈനിക ഉപദേഷ്‌ടാവായി നിയമിച്ചു. സൈനിക കാര്യങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന നീലകണ്ഠൻ ലാനോയിയുമായി സൗഹൃദത്തിലായിരുന്നു.
ഇക്കാലത്താണ് നീലകണ്ഠൻ ക്രിസ്‌തുമതത്തെക്കുറിച്ച് ധാരാളം പഠിക്കുകയും അതിൽ ആകൃഷ്‌ടനായി മതപരിവർത്തനത്തിലൂടെ ദേവസഹായം പിള്ളയായി മാറുകയും ചെയ്‌തത്.
വിവിധ സമുദായങ്ങളിലെ സൈനികരോട് അദ്ദേഹം തുല്യരീതിയിൽ പെരുമാറാൻ തുടങ്ങി. തന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്‌തു. എന്നാൽ എല്ലാവരോടും ഒരുപോലെയുള്ള അദ്ദേഹത്തിന്‍റെ പെരുമാറ്റം മേൽജാതിക്കാർക്ക് അസ്വീകാര്യമായിരുന്നു. അവർ ദേവസഹായംപിള്ളയുടെ മേൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് രാജാവിന് പരാതി നൽകി.
രാജകൽപന ലംഘിച്ചതിന് മാർത്താണ്ഡവർമ്മ രാജാവ് അദ്ദേഹത്തെ തടവിലിടാൻ ഉത്തരവിട്ടു. കറുപ്പും വെള്ളയും നിറങ്ങൾ കൊണ്ട് വരച്ച പോത്തിന്‍റെ മേൽ ദേവസഹായംപിള്ളയെ ഇരുത്തി വിവിധ പട്ടണങ്ങളിലേക്ക് കൊണ്ടുപോകാനും രാജാവ് ഉത്തരവിട്ടു. എന്നാൽ അദ്ദേഹം പോകുന്നിടത്തെല്ലാം പലവിധത്തിലുള്ള അത്ഭുതങ്ങൾ നടന്നതായാണ് പറയപ്പെടുന്നത്.
ഹിന്ദുമതത്തിലേക്ക് തിരികെ പരിവർത്തനം ചെയ്യപ്പെടാൻ വിസമ്മതിച്ചതിന്, ദേവസഹായംപിള്ളയെ 1752 ജനുവരി 14ന് ഇന്നത്തെ കന്യാകുമാരി ജില്ലയിലെ ആറൽവായ്‌മൊഴിയിലെ കാറ്റാടിമലയിൽ വച്ച് വെടിയേറ്റു മരിച്ചുവെന്നാണ് വിശ്വാസം. അദ്ദേഹത്തിന്‍റെ മൃതദേഹം കാട്ടിലേക്ക് വലിച്ചെറിഞ്ഞ് പട്ടാളക്കാർ കത്തിച്ചുവെന്നും പറയപ്പെടുന്നു. ഇതറിഞ്ഞ ക്രൈസ്‌തവ വിശ്വാസികൾ അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്‌ടങ്ങൾ കോട്ടാർ സെന്‍റ് സേവ്യേഴ്‌സ് പള്ളിയിൽ കൊണ്ടുവന്ന് അവിടെ അദ്ദേഹത്തിനുവേണ്ടി ഒരു കല്ലറ പണിതു.
ദേവസഹായംപിള്ള വെടിയേറ്റ് മരിച്ച സ്ഥലം ദേവസഹായം മലയെന്ന് പിൽക്കാലത്ത് അറിയപ്പെട്ടു. വെടിയേറ്റ് മരിച്ച സ്ഥലത്ത് അദ്ദേഹത്തിന് ഒരു സ്മാരകവും സ്ഥാപിക്കപ്പെട്ടു. ക്രിസ്‌തുമതത്തിൽ വിശ്വസിച്ചെന്ന പേരിൽ ദേവസഹായംപിള്ള കൊല്ലപ്പെട്ടുവെന്നതിന് തെളിവുകൾ സഹിതം, അന്നത്തെ കൊച്ചി ബിഷപ്പ് ക്ലെമൻസ് ജോസഫ് റോമിൽ പോപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. 2012 ഡിസംബർ രണ്ടിനാണ് അദ്ദേഹത്തെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.