മുംബൈ: എവറസ്‌റ്റ് കൊടുമുടി കീഴടക്കുക എന്നത് അവളുടെ ലക്ഷ്യമായിരുന്നു. എന്നാല്‍ ഒന്നിന് പിറകെ ഒന്നായി വന്ന അപകടങ്ങള്‍ അവളെ നടക്കാന്‍ പോലും ശേഷി ഇല്ലാത്തവളാക്കി മാറ്റി. ഒന്ന് നടന്ന് കിട്ടിയാല്‍ മതി എന്നായിരുന്നു അടുത്ത ബന്ധുക്കളുടെ പ്രാര്‍ഥന.
പക്ഷെ അവള്‍ക്ക് നടന്നാല്‍ മാത്രം മതിയായിരുന്നില്ല. നിശ്ചയദാര്‍ഢ്യം കൊണ്ട് സ്വന്തം 'വിധി'യെഴുതുകയായിരുന്നു ഒരു പെര്‍ഫ്യൂം കമ്പനിയിലെ റെഗുലേറ്ററി സ്‌പെഷലിസ്റ്റായ മുംബൈ സ്വദേശി മിതാല്‍. 2014ലാണ് മിതാലിന് ആദ്യ അപകടം സംഭവിച്ചത്. അപകടത്തില്‍ മിതാലിന്‍റെ നാഡിയുടെ രണ്ട് ഡിസ്‌കുകള്‍ക്കും തല്‍സ്ഥാനത്ത് നിന്ന് വ്യതിയാനം സംഭവിച്ചു.
അമിതഭാരം പ്രശ്‌നം ഗുരുതരമാക്കി. മൂന്ന് മാസം കിടപ്പിലായി. 2014ല്‍ സംഭവിച്ച അപകടത്തില്‍ നിന്ന് മുക്തയായികൊണ്ടിരിക്കുന്ന വേളയില്‍ 2017ല്‍ വീണ്ടും അപകടം സംഭവിച്ചു.
വീണ്ടും ഡിസ്‌കുകള്‍ക്ക് പ്രശ്‌നം സംഭവിച്ചു. മിതാലിന്‍റെ ആരോഗ്യ നില കൂടുതല്‍ മോശമായി. ചെറിയ ഭാരമുള്ള വസ്‌തുക്കള്‍ പോലും ഉയര്‍ത്താന്‍ സാധിക്കാത്ത നില വന്നു. ആ സമയത്ത് കുളിമുറിയില്‍ വീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു.
ഏവറസ്‌റ്റ് കീഴടക്കണമെന്ന ആഗ്രഹത്തിന് പോറലേറ്റില്ല:ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും എവറസ്റ്റ് കീഴടക്കണമെന്ന മോഹം മിതാല്‍ ഉപേക്ഷിച്ചില്ല. ഒരു കാല്‍ നഷ്‌ടപ്പെട്ടിട്ടും എവറസ്റ്റ് കയറിയ അരുണിമയെ കുറിച്ച് വായിച്ചത് മിതാലില്‍ പ്രചോദനം സൃഷ്‌ടിച്ചു. ഫിസിയോതെറാപ്പിയും വ്യായാമവും മിതാലിന്‍റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തി.
മിതാല്‍ പിന്നീട് ചെയ്‌തത് മൗണ്ടനീയറിങ് ട്രെയിനിങ് ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പരിശീലനം തേടുകയായിരുന്നു. തുടര്‍ന്ന് ചെറിയ മലകള്‍ കയറി തുടങ്ങി. തുടര്‍ന്ന് എവറസ്‌റ്റ് കയറാം എന്ന ആത്മവിശ്വാസം ഉണ്ടായി. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് പലര്‍ക്കും മിതാല്‍ എവറസ്‌റ്റ് കയറുന്നതില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഉദ്യമത്തില്‍ നിന്ന് പിന്‍മാറാന്‍ മിതാല്‍ ഒരുക്കമായിരുന്നില്ല.
ഈ വര്‍ഷം ഏപ്രിലിലാണ് മിതാല്‍ എവറസ്‌റ്റ് കയറിയത്. വളരെ പ്രതികൂലമായ സാഹചര്യത്തിലാണ് മിതാല്‍ എവറസ്‌റ്റ് കയറ്റം നടന്നത്. മഞ്ഞ് വീഴ്‌ചയോടൊപ്പം ശക്തമായ മഴയും ഉണ്ടായിരുന്നു. കടുത്ത കാലാവസ്ഥ കാരണം അതിയായ തലവേദനയും പനിയും മിതാലിന് അനുഭവപ്പെട്ടു.
എങ്കിലും എവറസ്‌റ്റ് കയറ്റം പൂര്‍ത്തിയാക്കി മിതാല്‍ അവിടെ ഇന്ത്യന്‍ ദേശീയ പതാക നാട്ടി. കടുത്ത പനി കാരണം ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനാല്‍ തിരിച്ചിറക്കത്തിന് ഹെലികോപ്റ്ററിന്‍റെ സഹായം തേടേണ്ടിവന്നു. അരോഗ്യവസ്ഥ മെച്ചമായിരുന്നെങ്കില്‍ തിരിച്ചിറങ്ങാന്‍ കഴിയുമായിരുന്നു എന്ന് മിതാല്‍ പറയുന്നു.
തന്‍റെ മകളില്‍ അഭിമാനിക്കുന്നു എന്ന് അച്‌ഛന്‍ പറഞ്ഞതിലാണ് തനിക്ക് ഏറ്റവും വലിയ സന്തോഷമെന്ന് മിതാല്‍ പറഞ്ഞു. ഇനിയും വലിയ കൊടുമുടികള്‍ കീഴടക്കാന്‍ തന്നെയാണ് മിതാലിന്‍റെ ശ്രമം. അതിന് കൂട്ടായി എവറസ്‌റ്റിനോളം പൊക്കമുള്ള ആത്‌മവിശ്വാസം മിതാലില്‍ കൈമുതലായുണ്ട്.