ന്യൂഡൽഹി: 2019 ലാണ് രാജ്യത്ത് ഇലക്‌ട്രോണിക് സിഗററ്റുകളുടെ നിരോധനം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്. ഇ-സിഗററ്റിന്‍റെ ഉപയോഗം വലിയ തോതിൽ വർധിക്കുന്നതും അത് യുവാക്കൾക്കിടയിൽ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും കണക്കിലെടുത്താണ് എല്ലാത്തരം ഇലക്ട്രോണിക് നിക്കോട്ടിൻ ഡെലിവറി സംവിധാനങ്ങൾക്കും നിരോധനം ഏർപ്പെടിത്തിയത്. 2019 ഇത് ഒരു ഓർഡിനൻസായി അവതരിപ്പിക്കുകയും അതേ വർഷം തന്നെ നിയമമായി പ്രാബല്യത്തില്‍ വരികയും ചെയ്‌തു.
എന്നാൽ നിരോധനത്തിന് പിന്നാലെയും രാജ്യത്ത് ഇ- സിഗററ്റുകൾ വ്യാപകമായി ലഭ്യമാകുന്നു എന്നും പ്രായപരിധി പോലും ഇല്ലാതെ വിൽപ്പന നടത്തുന്നുവെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അസം, ഗോവ, ഹരിയാന, ഉത്തർപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്‌തമായത്. വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ, വോയ്‌സ്, നദ്ദ ഇന്ത്യ, നാഷണൽ ലോ സ്‌കൂൾ യൂണിവേഴ്‌സിറ്റി ഇന്ത്യ, ബാംഗ്ലൂർ, കർണാടക നോ ഫോർ ടൊബാക്കോ എന്നീ സംഘടനകൾ സംയുക്‌തമായാണ് സർവേ നടത്തിയത്.
ഓൺലൈനായും ഓഫ് ലൈനായും നടത്തിയ സർവേയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 100ലധികം കച്ചവട പോയിന്‍റുകളാണ് കണ്ടെത്താനായത്. ഇ- കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴിയും, സോഷ്യൽ മീഡിയയിലൂടെയും ഓണ്‍ലൈനായി ഓർഡർ ചെയ്യുമ്പോൾ പ്രായ പരിശോധന കൂടാതെ തന്നെ ദിവസങ്ങൾക്കുള്ളിൽ ഇവ വില്‍പന ചെയ്യപ്പെടുന്നുവെന്നും സർവെയിൽ കണ്ടെത്തി.
ഉപയോഗം കുട്ടികളിലും: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന പുകയില കച്ചവടക്കാർക്കിടയില്‍ ഇ-സിഗരറ്റ് ലഭ്യമാണെന്നും സ്‌കൂൾ കുട്ടികൾക്കുൾപ്പെടെ ഇവ വിൽപ്പന നടത്തുന്നുവെന്നുമുള്ള ഞെട്ടിക്കുന്ന കാര്യവും സർവേയില്‍ വ്യക്‌തമായി. ചില പുകയില വ്യാപാരികൾ ഇ- സിഗററ്റുകൾ കടകളിൽ വിൽക്കുന്നില്ലെങ്കിലും ആവശ്യാനുസരണം ഹോം ഡെലിവെറി നടത്തുന്നതായും കണ്ടെത്തി.
കൂടാതെ 18 വയസിൽ താഴെയുള്ള കുട്ടികൾക്കും യാതൊരു നിയന്ത്രണവുമില്ലാതെ ഇവ വിൽക്കുന്നുണ്ടെന്നും സർവേയിൽ ബോധ്യപ്പെട്ടു. ഓൺലൈനായി ഓർഡർ ചെയ്യുമ്പോൾ ചില വെബ്‌സൈറ്റുകൾ പ്രായം സ്ഥിരീകരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ 18 വയസിൽ കുറവാണോ, കൂടുതലാണോ എന്ന ചോദ്യത്തിൽ മാത്രമായി ആ സ്ഥിരീകരണം മാറുന്നു. അതേസമയം മിക്ക ഇ- സിഗററ്റുകളും ചൈനയിൽ നിർമ്മിച്ചവയാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
കടലാസിലൊതുങ്ങിയ നിരോധനം: പുതിയ തലത്തിലുള്ള ലഹരി ഉപയോഗത്തിൽ നിന്ന് യുവാക്കൾ ഉൾപ്പെടുന്ന സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ- സിഗററ്റുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഇതിന് ശേഷമുള്ള നടപടികൾ വളരെ ദുർബലമായിരുന്നു എന്ന് വ്യക്‌തമാക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ. അതിന്‍റെ ഫലമായാണ് ഇന്ത്യൻ വിപണി വിലകുറഞ്ഞതും ബ്രാൻഡ് ചെയ്യപ്പെടാത്തതുമായ ചൈനീസ് നിർമ്മിത ഇ-സിഗരറ്റുകളാൽ നിറഞ്ഞത്.
കൗമാരക്കാർക്കിടയിൽ ഇ-സിഗററ്റ് ഉൽപന്നങ്ങളുടെ വ്യാപനം ഒരു ആഗോള പകർച്ചവ്യാധിയെന്ന തന്നെ പറയാം. ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമത്തിലൂടെ ഇവയെ മുളയിലേ നുള്ളുന്നതിൽ ഗവണ്‍മെന്‍റിന്‍റെ പങ്ക് ശ്രദ്ധേയമാണ്. എന്നാൽ അവ കേവലം നിരോധനം എന്ന വാക്കിൽ മാത്രം ഒതുങ്ങുകയായിരുന്നു.
'നിരോധനത്തിന് പിന്നാലെയുള്ള നടപടികളിൽ സർക്കാരുകൾ വീഴ്‌ച വരുത്തി. ഇന്ന് കളിപ്പാട്ടത്തിന്‍റെ രൂപത്തിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വസ്‌തുക്കളുടെ രൂപത്തിലോ ഇ- സിഗററ്റുകൾ ഇന്നും ഇന്ത്യയിലേക്കെത്തുന്നു. അതിനാൽ തന്നെ ഇവയുടെ ഇറക്കുമതിയും വിപണനവും തടയുക എന്നത് അത്യാവശ്യമാണ്.' സുപ്രീം കോടതി അഭിഭാഷകനായ രഞ്ജിത് സിങ് പറഞ്ഞു.
അടുത്തിടെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം (MoHFW) ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമം പാലിക്കുന്നത് അവലോകനം ചെയ്യാനും, ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരുന്നു. പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ വലിയ അളവിൽ ചൈനീസ് നിർമ്മിത ഇ-സിഗരറ്റുകൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ വന്നിരുന്നു.
എന്താണ് ഇ- സിഗററ്റ്: ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണ് ഇ സിഗററ്റുകൾ. നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളും ചേർത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണ് ഇ-സിഗരറ്റിനുള്ളിലുള്ളത്. ഇത് ചൂടാകുമ്പോൾ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്ക് വലിക്കുന്നത്. ആദ്യ കാലങ്ങളിൽ സാധാരണ സിഗററ്റിന്‍റെ രൂപത്തിലാണ് പുറത്തിറക്കിയിരുന്നതെങ്കിൽ ആവശ്യക്കാർ ഏറിയതോടെ ആകർഷണീയമായ ഡിസൈനുകളിൽ ഇ- സിഗററ്റുകൾ പുറത്തിറക്കാൻ തുടങ്ങി.
കൂടാതെ സാധാരണ സിഗററ്റ് വലിക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം ഇ- സിഗററ്റിനില്ല എന്നതും ഇതിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിച്ചു. ചെറിയ കാലയളവിൽ തന്നെ യുവാക്കൾക്കിടയിൽ ഇ- സിഗററ്റുകൾ തരംഗമായി മാറി. പതിയെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്‌തുക്കൾ വലിക്കാനും ഇ-സിഗരറ്റ് ഉപയോഗിച്ചു തുടങ്ങി. ഇതോടെയാണ് സർക്കാർ അടിയന്തമായി ഇ- സിഗററ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.