നന്ദിഗ്രാം(പശ്ചിമബംഗാള്‍) :രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മന്ത്രിയുമായ അഖില്‍ ഗിരിക്കെതിരെ വ്യാപക പ്രതിഷേധം. സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ പരാമര്‍ശത്തില്‍ അഖില്‍ ഗിരി ഖേദം പ്രകടിപ്പിച്ചു. രാഷ്‌ട്രപതിയുടെ ശരീര പ്രകൃതത്തെ കളിയാക്കുന്ന അഖില്‍ ഗിരിയുടെ പ്രസംഗത്തിന്‍റെ 17 സെക്കന്‍ഡ് വീഡിയോ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
"എന്നെ കാണാന്‍ കൊള്ളില്ല എന്നാണ് അവര്‍(ബിജെപി) പറയുന്നത്. ബാഹ്യപ്രകൃതത്തെ അടിസ്ഥാനപ്പെടുത്തിയല്ല ഞങ്ങള്‍ ആളുകളെ വിലയിരുത്തുന്നത്. ഞങ്ങള്‍ രാഷ്‌ട്രപതി പദവിയെ മാനിക്കുന്നു. എന്നാല്‍ നമ്മുടെ രാഷ്‌ട്രപതി എങ്ങനെയാണ് കാണാനിരിക്കുന്നത് ?" - ഇതായിരുന്നു ദ്രൗപതി മുര്‍മുവിനെതിരായ ഗിരിയുടെ വിവാദ പരാമര്‍ശം.
നിരുത്തരവാദപരമായ പരാമര്‍ശമാണ് ഗിരി നടത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. തങ്ങള്‍ രാഷ്‌ട്രപതിയില്‍ അഭിമാനം കൊള്ളുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നിലപാടല്ല ഗിരി പറഞ്ഞതെന്നും പാര്‍ട്ടി വക്‌താവ് സകേത് ഖോഖലെ വ്യക്തമാക്കി.
രാഷ്‌ട്രപതിയെ നിന്ദിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നുവെന്നും തനിക്കെതിരെ ബിജെപി നടത്തിയ അധിക്ഷേപങ്ങള്‍ക്ക് മറുപടി പറയുകയാണ് ചെയ്‌തതെന്നുമായിരുന്നു അഖില്‍ ഗിരിയുടെ വിശദീകരണം. തന്നെ കാണാന്‍ എങ്ങനെയിരിക്കുന്നു എന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ എല്ലാ ദിവസവും ആക്ഷേപങ്ങള്‍ ചൊരിയുകയാണ്. തന്‍റെ പ്രസ്‌താവന രാഷ്‌ട്രപതിയെ അപമാനിച്ചെന്ന് ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ താന്‍ അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗിരിയുടെ പ്രസ്‌താവന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആദിവാസി വിരുദ്ധ ചിന്താഗതിയാണ് കാണിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. അഖില്‍ ഗിരിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി അറസ്റ്റ് ചെയ്യണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഗിരിക്കെതിരെ ബംഗാളില്‍ ഉടനീളം ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിഷയത്തില്‍ ദേശീയ വനിത കമ്മിഷന് പരാതിയും കൊടുത്തിരുന്നു.