ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി കരസേനയിലെ ആരോഗ്യ വിദഗ്‌ധരെ വിന്യസിക്കുന്നത് സേനയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് ഇന്ത്യൻ ആർമി. ഇത്തരത്തിൽ നിരവധി വാർത്തകൾ പ്രചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സൈന്യം നിലപാട് വ്യക്തമാക്കിയത്. വളരെ ആലോചിച്ചതിന് ശേഷമാണ് ആരോഗ്യ വിദഗ്‌ധരെ വിന്യസിക്കുന്നത്. വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനങ്ങളില്‍ യാതൊരു മാറ്റവുമില്ലെന്നും അധികൃതർ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന് വേണ്ടി നിരവധി കൊവിഡ് കേന്ദ്രങ്ങളാണ് ഇതിനോടകം പ്രവർത്തിക്കുന്നത്. ബേസ് ഹോസ്പിറ്റൽ ഡൽഹി കന്‍റോൺമെന്‍റിൽ (ബിഎച്ച്‌ഡിസി) അത്തരമൊരു സൗകര്യം ഒരുക്കിയിട്ടുണ്ട്.
കരസേനാ ആരോഗ്യ വിദഗ്‌ധരെ വിന്യസിക്കുന്നത് പ്രവർത്തനത്തെ ബാധിക്കില്ലെന്ന് സൈന്യം - COVID-19
വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനത്തിൽ യാതൊരു മാറ്റവുമില്ലെന്നും അധികൃതർ.
![കരസേനാ ആരോഗ്യ വിദഗ്‌ധരെ വിന്യസിക്കുന്നത് പ്രവർത്തനത്തെ ബാധിക്കില്ലെന്ന് സൈന്യം ഇന്ത്യൻ സൈന്യം ഇന്ത്യൻ ആർമി military medical professionals COVID-19 Indian Army](https://etvbharatimages.akamaized.net/etvbharat/prod-images/768-512-06:04:06:1620218046-indian-armyjsbxzjsnx-0505newsroom-1620217826-880.jpg)
മെയ് ഒന്നിന് ഇന്ത്യൻ ആർമി ആന്‍റ് ഫോഴ്‌സ് മെഡിക്കൽ സർവീസസിലെ (എ.എഫ്.എം.എസ്) എല്ലാ മുതിർന്ന ഉദ്യോഗസ്ഥരോടും ഇ-സെഹാത്ത് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും ആളുകൾക്ക് വേണ്ട നിർദേശങ്ങൾ നൽകാനും ആഴശ്യപ്പെട്ടിരുന്നു. ഏപ്രിൽ 29ന് കരസേനാ മേധാവി ജനറൽ എം എം നരവനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കൊവിഡ് പകർച്ചവ്യാധിക്കെതിരെ കരസേന സ്വീകരിച്ച എല്ലാ തലങ്ങളെപ്പറ്റിയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി പിഎംഒ പറഞ്ഞു. കരസേനയുടെ മെഡിക്കൽ സ്റ്റാഫിനെ വിവിധ സംസ്ഥാന സർക്കാരുകൾക്ക് നൽകാൻ ഉദ്ദേശിക്കുന്നതായും നരവനെ പ്രധാനമന്ത്രിയെ അറിയിച്ചു.