ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അതിശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്‌ച 50 മീറ്ററായി കുറഞ്ഞു. ഇതോടെ നഗരത്തിലെ റോഡ്- റെയില്‍ ഗതാഗതം തടസപ്പെട്ടു. എന്നാല്‍, വ്യോമഗതാഗത്തിന് മൂടല്‍മഞ്ഞ് കാര്യമായ തടസം സൃഷ്‌ടിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
0 മുതൽ 50 മീറ്ററും 51 നും 200 നും ഇടയിലുള്ള ദൂരക്കാഴ്‌ച ഇടതൂർന്നതും, 201- 500 വരെ മിതമായതും, 50- 1,000 വരെ സാധാരണ ഗതിയിലുള്ള മൂടൽമഞ്ഞാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ മൂടല്‍ മഞ്ഞ് കൂടുതല്‍ ശക്തമാകുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കിയേക്കാം എന്നതാണ് റിപ്പോര്‍ട്ട്. ഒന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ 11 ട്രെയിനുകളാണ് ഇന്ന് വൈകി ഓടുന്നത്.
മുന്നറിയിപ്പ്: പഞ്ചാബ് ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂടല്‍ മഞ്ഞിന്‍റെ കനമുള്ള ഒരു പാളി രൂപപ്പെട്ടതായി ഉപഗ്രഹ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. കനത്ത മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ പരസ്‌പരം കൂട്ടിമുട്ടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. കൂടാതെ നിലവിലെ കാലാവസ്ഥ ചുമ, തുമ്മല്‍, ആസ്‌ത്‌മ രോഗികള്‍ക്ക് ശ്വാസതടസം, കണ്ണുകള്‍ക്ക് ചൊറിച്ചില്‍ തുടങ്ങിയവയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവര്‍ ആവശ്യമായ മരുന്നുകള്‍ കയ്യില്‍ കരുതണമെന്നും മുന്നറിയിപ്പുണ്ട്.
സാധാരണ നിലയിലുള്ള താപനില 22 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഡല്‍ഹിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്‌ത താപനില 6.3 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍, അടുത്ത ഏതാനും ദിവസങ്ങളിലായി താപനില അഞ്ച് മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നാണ് വിലയിരുത്തല്‍.