കൊൽക്കത്ത:പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ഒരു എംഎൽഎ കൂടി പാർട്ടി വിട്ട് ബിജെപിയിൽ ചേരാനൊരുങ്ങുന്നു. മമത ബാനർജിയുടെ അടുത്ത അനുയായിയും, വനിത എംഎൽഎയുമായ സോനാലി ഗുഹയാണ് ബിജെപിയിലേക്ക് പോകാനൊരുങ്ങുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സോനാലി ഗുഹ മത്സരിക്കേണ്ടെന്നാണ് തൃണമൂൽ നേതൃത്വത്തിന്‍റെ തീരുമാനം. തുടർന്നാണ് സോനാലി തൃണമൂലിനോട് ഇടഞ്ഞതും ബിജെപി അംഗത്വം സ്വീകരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും. ബിജെപിയില്‍ അംഗത്വം സ്വീകരിക്കാന്‍ താല്‍പര്യമുള്ളതായി ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് മുകുൾ റോയിയെ അറിയിച്ചിട്ടുണ്ട്. ഹേസ്റ്റിങ്സിലെ ഓഫീസിലേക്ക് ഇന്ന് ഉച്ചയോടെ എത്താന്‍ അദ്ദേഹം അറിയിച്ചതായും അവിടെ വെച്ച് ബിജെപിയില്‍ ചേരുമെന്നും സോനാലി ഗുഹ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാന്യമായ പദവി ലഭിക്കാൻ താൻ ആഗ്രഹിക്കുന്നു. ഒരു മികച്ച രാഷ്ട്രീയ വ്യക്തിത്വം ആകണം. ദൈവം മമത ദീദിയ്ക്ക് നല്ല ബുദ്ധി കൊടുക്കാൻ പ്രാർത്ഥിക്കുന്നു. തുടക്കം മുതൽ തന്നെ മമതയ്‌ക്കൊപ്പം പ്രവർത്തിച്ചയാളാണ് താനെന്നും ഭാവിയെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും സോനാലി കൂട്ടിച്ചേർത്തു. ബംഗാളിൽ നാല് തവണ എംഎൽഎയായിരുന്നു സോനാലി. തന്‍റെ ജീവിതത്തിൽ ഇത്തരമൊരു ദിവസം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടി ആയിരുന്ന സോനാലി ഗുഹ പറയുന്നു.
പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് ഭരണം പിടിച്ചെടുക്കുന്നതിനായുള്ള ബിജെപി ശ്രമങ്ങള്‍ ഊര്‍ജ്ജിതമായാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിനിടെ നിരവധി തൃണമൂല്‍ നേതാക്കളാണ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതും. 294 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളായി നടക്കും. മെയ് 2 ന് വോട്ടെണ്ണല്‍ നടക്കും.