തിരുവനന്തപുരം:റഷ്യൻ ആക്രമണം കണക്കിലെടുത്ത് പോളണ്ട്, സ്ലൊവാക്യ അതിർത്തികളിൽ പ്രവേശനം നിഷേധിക്കുന്നതായി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാർ. ഇതോടെ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരാണ് അതിർത്തി കടക്കാനാകാതെ അകപ്പെട്ടത്. കിലോമീറ്ററുകൾ സഞ്ചരിച്ച് അതിർത്തികളിലെത്തി, മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിന്ന ശേഷം നിരാശരായി മടങ്ങേണ്ടി വരുന്ന തങ്ങളുടെ സ്ഥിതി അധികൃതരിലേക്കെത്തിക്കാൻ പലരും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു.
വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ നിസഹായരായ ഒരു വിഭാഗം ജനതയുടെ അവസ്ഥ ദേശീയ തലത്തിൽ ചർച്ചയ്ക്ക് വഴി വച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയിലും മുഖ്യമന്ത്രി വിഷയം ഉന്നയിച്ചു. പ്രശ്നം കൈകാര്യം ചെയ്യാൻ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥരുണ്ടെന്ന് വിദേശകാര്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഇതിന് ശേഷവും തങ്ങളെ കടത്തിവിടുന്നില്ലെന്ന്, മണിക്കൂറുകളോളം സ്ലൊവാക്യ അതിർത്തിയിൽ കുടുങ്ങിക്കിടന്ന ഒരു കൂട്ടം വിദ്യാർഥികൾ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യൻ പൗരൻമാരെ അതിർത്തി കടക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നിന്ന് ഒരു അറിയിപ്പും ലഭിക്കാത്തതിനാൽ ഇന്ത്യക്കാരെ അതിർത്തിയിലെ ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കുന്നുവെന്നും യുക്രൈൻ സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകുന്നുവെന്നും അവർ പരാതിപ്പെട്ടു.