ബെംഗളൂരു : ഭര്‍ത്താവ് ലൈംഗികബന്ധം നിഷേധിക്കുന്നത് ഹിന്ദു വിവാഹ നിയമപ്രകാരം മാത്രമാണ് കുറ്റമെന്ന് വ്യക്തമാക്കി കര്‍ണാടക ഹൈക്കോടതി. ഭര്‍ത്താവ് ഭാര്യയ്‌ക്ക് ലൈംഗികബന്ധം നിഷേധിക്കുന്നത് 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം മാത്രമാണ് ക്രൂരതയെന്നും ഇതില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ് ഉള്‍പ്പെടില്ലെന്നും കോടതി വ്യക്തമാക്കി. ലൈംഗികബന്ധം നിഷേധിച്ചുവെന്ന് കാണിച്ച് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഒരു യുവതി 2020 ല്‍ നല്‍കിയ ക്രിമിനല്‍ കേസിലെ നടപടികള്‍ റദ്ദാക്കിയതിന് ശേഷമായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
ഹൈക്കോടതി പരാമര്‍ശങ്ങള്‍ ഇങ്ങനെ: യുവതി നല്‍കിയ കേസില്‍ തനിക്കും മാതാപിതാക്കള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498എ, 1961ലെ സ്‌ത്രീധന നിരോധന നിയമത്തിലെ നാലാം വകുപ്പ് എന്നിവ ചുമത്തിയ കുറ്റപത്രത്തെ ഭര്‍ത്താവ് കോടതിയില്‍ എതിര്‍ത്തു. ഇതുപരിഗണിക്കവെ, പരാതിക്കാരനെതിരെയുള്ളത് അദ്ദേഹം അനുഷ്‌ഠിക്കുന്ന പ്രത്യേക ആത്മീയ ക്രമത്തെ തുടര്‍ന്നുണ്ടായ ഒറ്റപ്പെട്ട ആരോപണമാണെന്ന് കോടതി വിലയിരുത്തി.
പ്രണയം എന്നത് ഒരിക്കലും ശാരീരികമായി ലഭിക്കുന്നതല്ലെന്നും, അത് ആത്മാവില്‍ നിന്ന് ആത്മാവിലേക്കുള്ളതാണെന്നും ജസ്‌റ്റിസ് എം.നാഗപ്രസന്ന വ്യക്തമാക്കി. ഭാര്യയുമായി ശാരീരികബന്ധം പുലര്‍ത്താന്‍ അദ്ദേഹം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല എന്നതുകൊണ്ട് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 12 (1)(എ) യുടെ പൂര്‍ത്തീകരണം സാധ്യമാകാത്തത് മൂലമുള്ള ക്രൂരതയ്‌ക്ക് തുല്യമാകുമെന്നതിൽ സംശയമില്ല. എന്നാല്‍ സെക്ഷൻ 498 എ പ്രകാരം നിർവചിച്ചിരിക്കുന്ന ക്രൂരതയുടെ പരിധിയിൽ വരുന്നതല്ല ഇതെന്ന് കോടതി അറിയിച്ചു.
Also read: കുടുംബവഴക്കിനെ ചൊല്ലി 3 കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേരെ കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ ശരിവച്ച് കര്‍ണാടക ഹൈക്കോടതി
കേസിന്‍റെ നാള്‍വഴി : 2019 ഡിസംബർ 18നാണ് ഇരുവരും വിവാഹിതരായെങ്കിലും ഭാര്യ 28 ദിവസം മാത്രമാണ് ഭര്‍തൃഗൃഹത്തില്‍ താമസിച്ചത്. തുടര്‍ന്ന് 2020 ഫെബ്രുവരി അഞ്ചിന് സെക്ഷൻ 498 എ, സ്‌ത്രീധന നിരോധന നിയമം എന്നിവ പ്രകാരം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. മാത്രമല്ല ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 12(1)(എ) പ്രകാരം വിവാഹ പൂര്‍ത്തീകരണം സാധ്യമായില്ലെന്ന് ചൂണ്ടിക്കാട്ടി ഈ ക്രൂരതയുടെ പേരിൽ വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കുടുംബ കോടതിയിലും കേസ് ഫയൽ ചെയ്യുകയായിരുന്നു. എന്നാല്‍ ഇതുപ്രകാരം 2022 നവംബർ 16 ന് വിവാഹം അസാധുവാക്കിയപ്പോൾ ക്രിമിനൽ കേസുമായി യുവതി മുന്നോട്ട് പോവുകയായിരുന്നു. ഇത് പരിഗണിക്കവെയാണ് 'നിയമപ്രക്രിയയുടെ ദുരുപയോഗം' ആയതിനാൽ കേസിൽ ക്രിമിനൽ നടപടികൾ തുടരാൻ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ വിധിയെത്തുന്നത്.
ഫേസ്‌ബുക്കിന് താക്കീത് : കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നിസ്സഹകരണം കാണിച്ചുവെന്നാരോപിച്ച് സമൂഹമാധ്യമമായ ഫേസ്‌ബുക്കിന് കര്‍ണാടക ഹൈക്കോടതി അടുത്തിടെ ശക്തമായ താക്കീത് നല്‍കിയിരുന്നു. സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരനുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണത്തില്‍ സംസ്ഥാന പൊലീസുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫേസ്‌ബുക്കിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുമെന്നുള്ള കോടതിയുടെ മുന്നറിയിപ്പ്. സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ശൈലേഷ് കുമാര്‍ എന്നയാളുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ താക്കീത്.