ചെന്നൈ : തമിഴ്‌നാട്ടിലെ വിഴുപുറം ജില്ലയിലെ കൊറ്റിയാമ്പൂണ്ടി ഗ്രാമത്തില്‍ ദലിത് യുവതിയുടെ മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാര്‍. ശരീരം മറവ് ചെയ്യുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഗ്രാമവാസികള്‍ പ്രതിഷേധിച്ചത്. ഇതരമതസ്ഥര്‍ ശ്‌മശാന സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ മൃതശരീരം റോഡരികിലാണ് സംസ്‌കരിച്ചത്.
കഴിഞ്ഞ ബുധനാഴ്‌ച (18 മെയ്) മരിച്ച യുവതിയുടെ മൃതദേഹവുമായാണ് പ്രദേശവാസികള്‍ പ്രതിഷേധം നടത്തിയത്. യുവതിയുടെ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ ഇതര സമുദായത്തില്‍പ്പെട്ടവര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യുവതിയുടെ മൃതദേഹം റോഡരികില്‍ സംസ്‌കരിച്ചത്.