ന്യൂഡൽഹി:രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൊറോണാ വൈറസിന്‍റെ പുതിയതും കൂടുതൽ വ്യാപനശേഷിയുള്ളതുമായ ''ഡെൽറ്റ പ്ലസ്'' വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഇതിന്‍റെ വ്യാപനം തടയുന്നതിനും ഇതിനെതിരായ പ്രതിരോധകുത്തിവയ്‌പ്പുകളുടെ ഫലപ്രാപ്തി മനസിലാക്കുന്നതിനുമായി എന്തുകൊണ്ട് വലിയ തോതിലുള്ള പരിശോധന നടത്തുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്രത്തോട് ചോദിച്ചു.
മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനിൽക്കുന്നതിനാൽ തന്നെ കൊവിഡിനെ പ്രതിരോധിക്കുന്നതിനായി എന്തൊക്കെ പദ്ധതികളാണ് കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട വിശദ വിവരം ലഭ്യമാക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
Also Read:'പതിവ് നുണകളും പ്രാസമൊപ്പിച്ച മുദ്രാവാക്യങ്ങളുമല്ല'; ആവശ്യം വാക്സിനെന്ന് കേന്ദ്രത്തിനെതിരെ രാഹുല്‍
എന്താണ് ''ഡെൽറ്റ പ്ലസ്''?
കൊറോണ വൈറസിന്‍റെ "ഡെൽറ്റ" അഥവാ "ബി.1.617.2" (B.1.617.2) വകഭേദങ്ങളുടെ ജനിതകമാറ്റം സംഭവിച്ച ഏറ്റവും പുതിയ വേരിയന്‍റാണ് ''ഡെൽറ്റ പ്ലസ്''. ഇത് ആദ്യമായി സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ഈ വകഭേദത്തിന് കൂടുതൽ വ്യാപനശേഷിയുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ നടത്തിവരുന്നതായും വിദഗ്‌ദർ അറിയിച്ചിട്ടുണ്ട്.