ബെംഗളൂരു: വിപണിയില്‍ വിലകൂടിയ വസ്‌തുക്കള്‍ സാധാരണമായി ഓണ്‍ലൈന്‍ വഴി വാങ്ങുന്നവരാണ് നമ്മളില്‍ ഏറെയും. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഇത്തരം സാധനങ്ങളിലെ സുരക്ഷിതത്വം മുന്നില്‍ കണ്ട് വസ്‌തു കൈയില്‍ കിട്ടിയ ശേഷം മാത്രം പണം കൈമാറുന്ന രീതിയും ഒട്ടുമിക്ക ആളുകളും പരീക്ഷിക്കാറുമുണ്ട്. എന്നാലും ദിനേന ഓണ്‍ലൈന്‍ ഇടപാടുകള്‍ സംബന്ധിച്ച് പുത്തന്‍ തട്ടിപ്പുകളും ക്രമക്കേടുകളും റിപ്പോര്‍ട്ട് ചെയ്യാറുമുണ്ട്.
പാര്‍സലും കൊണ്ട് ഓടി: ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞദിവസം ബെംഗളൂരുവില്‍ നടന്നത്. വിതരണക്കാരന്‍ നല്‍കാന്‍ ഏല്‍പ്പിച്ച അഞ്ച് ഐ ഫോണുകളും ഒരു ആപ്പിള്‍ വാച്ചുമായി ഡെലിവറി ബോയ് കടന്നുകളയുകയായിരുന്നു. തസ്‌ലിം ആരിഫ് എന്ന മൊബൈല്‍ ഷോപ്പ് ഉടമയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. മാർച്ച് അഞ്ചിന് ഇദ്ദേഹം ഉപഭോക്താക്കള്‍ക്ക് നല്‍കാനായി സുനകലിലെ ഒരു കടയില്‍ നിന്നും അഞ്ച് ഐ ഫോണുകളും ഒരു ആപ്പിള്‍ വാച്ചും വാങ്ങി. തുടര്‍ന്ന് ഇത് ആവശ്യക്കാര്‍ക്ക് കൈമാറാനായി ഡാന്‍ജോ ഡെലിവറി സര്‍വീസ് ഉപയോഗപ്പെടുത്തുകയായിരുന്നു.
സര്‍വീസിന്‍റെ ഭാഗമായി നയന്‍ എന്ന ഡെലിവറി ബോയി തസ്‌ലിമിനെ വിളിച്ച് അരുൺ പാട്ടീൽ എന്നയാള്‍ വശം ഐ ഫോണുകളും വാച്ചും കൈമാറിയതായി അറിയിച്ചു. ഉടന്‍ തന്നെ നിര്‍ദിഷ്‌ട മേല്‍വിലാസത്തില്‍ സാധനം കൈമാറുമെന്നും അറിയിച്ചു. എന്നാല്‍ ഇവര്‍ സാധനങ്ങള്‍ കൈമാറിയില്ല എന്നുമാത്രമല്ല, തുടര്‍ന്ന് ഫോണ്‍ കോളുകളും സ്വീകരിച്ചില്ല. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയതായി ബോധ്യപ്പെട്ടതോടെ തസ്‌ലിം സെന്‍ട്രല്‍ ഡിവിഷനിലെ സിഇഎന്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കകയായിരുന്നു. സംഭവത്തില്‍ പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
തട്ടിപ്പ് പലതരം:അതേസമയം ഇക്കഴിഞ്ഞ ഡിസംബറില്‍ ആപ്പിളിന്‍റെ ഐഫോണുകളുടെ വ്യാജന്‍ രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് വില്‍പന നടത്തി വന്നിരുന്ന സംഘത്തിലെ മൂന്നുപേര്‍ നോയിഡ പൊലീസിന്‍റെ പിടിയിലായിരുന്നു. ഐഫോണിന്‍റെ വ്യാജന്‍ കുറഞ്ഞ വിലയില്‍ ആവശ്യക്കാര്‍ക്കെത്തിച്ച് നല്‍കിയിരുന്നവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് 60 വ്യാജ ഐ ഫോണുകളും പിടിച്ചെടുത്തിരുന്നു. വിപണിയില്‍ 66,000 രൂപയ്ക്ക് മുകളില്‍ വിലവരുന്ന ഐ ഫോണ്‍ 13 ന്‍റെ പ്രീമിയം മോഡലുകള്‍ 53,000 രൂപയ്‌ക്ക് നല്‍കാമെന്നറിയിച്ചായിരുന്നു ഇവരുടെ തട്ടിപ്പെന്ന് പൊലീസ് അറിയിച്ചിരുന്നു.
അടിമുടി വ്യാജന്‍:ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ നിന്ന് 12,000 രൂപ വിലവരുന്ന ഐ ഫോണിന്‍റെ വ്യാജ പതിപ്പുകള്‍ സ്വന്തമാക്കി ചൈനീസ് ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ ആലിബാബയില്‍ നിന്ന് 4,500 രൂപയ്‌ക്ക് ഇവ വില്‍പന ചെയ്യാനുള്ള ബോക്‌സുകളും 1,000 രൂപയുടെ ആപ്പിള്‍ സ്‌റ്റിക്കറുകളും വാങ്ങിയാണ് സംഘം വില്‍പന നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കഴിഞ്ഞ് 17,500 രൂപ മാത്രം വില വന്നിരുന്ന വ്യാജ ഐഫോണുകള്‍ക്ക് 53,000 രൂപ ഇവര്‍ ഈടാക്കിയിരുന്നതായും ഉപഭോക്താക്കളെ കബളിപ്പിക്കാനായി ഐഎംഇഐ നമ്പര്‍ കാണിക്കാനായി മറ്റൊരു ആപ്ലിക്കേഷന്‍ കൂടി ഇവര്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തിരുന്നു.