ന്യൂഡൽഹി: 17 സ്കൂളുകളിലായി പ്രവർത്തിക്കുന്ന 100 വാക്സിൻ വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിരായി ഡൽഹി സർക്കാർ. ഭാരത് ബയോടെക്കിന്‍റെ നിയന്ത്രണത്തിലുള്ള വാക്സിൻ കേന്ദ്രങ്ങളാണ് വാക്സിൻ ക്ഷാമം മൂലം അടച്ചൂപൂട്ടാനൊരുങ്ങുന്നതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഈ കേന്ദ്രങ്ങളിലേക്ക് ഭാരത് ബയോടെക്ക് നിർമിക്കുന്ന കൊവാക്സിനാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ നിർമാതാക്കളിൽ നിന്ന് വാക്സിൻ ലഭിക്കാത്ത അവസ്ഥയാണ്.
സംസ്ഥാനത്ത് വാക്സിൻ കരുതൽ ശേഖരം തീർന്നതായും സിസോദിയ അറിയിച്ചു. സംസ്ഥാന സർക്കാർ 1.34 കോടി ഡോസ്, 67 ലക്ഷം വീതം കോവാക്സിൻ, കോവിഷീൽഡ് എന്നീ വാക്സിനുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഭാരത് ബയോടെക്കിന് അയച്ച കത്തിന് മറുപടിയായി സർക്കാർ വൃത്തങ്ങളുടെ അനുമതി ഇല്ലാതെ നൽകാനാകില്ലെന്നാണ് മറുപടി ലഭിച്ചത്. ആ സർക്കാർ വൃത്തങ്ങൾ കേന്ദ്രസർക്കാരാണെന്നും മനീഷ് സിസോദിയ പറഞ്ഞു.