ന്യൂഡൽഹി:രാജ്യതലസ്ഥാനത്ത് വീണ്ടും ഓക്‌സിജൻ കിട്ടാതെ മരണം. ഡൽഹിയിലെ ജയ്‌പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 20 പേർ കൂടി മരിച്ചു. 200 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇനി ആശുപത്രിയിൽ ശേഷിക്കുന്നത് അരമണിക്കൂറിലേക്കുള്ള ഓക്‌സിജൻ മാത്രം. അമൃത്‌സറിലെ നീൽകാന്ത് ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ അഞ്ച് പേർ കൂടി മരിച്ചു.
ഡല്‍ഹിയിലെ ഓക്സിജൻ ക്ഷാമം തുടരുന്നു; ഇന്ന് മരിച്ചത് 20 പേര്‍
200 പേരുടെ നില ഗുരുതരം. ഗോൾഡൻ ആശുപത്രിയിൽ ശേഷിക്കുന്നത് അരമണിക്കൂറിലേക്കുള്ള ഓക്‌സിജൻ മാത്രം
അതേസമയം ഡൽഹിയിലെ ബാത്ര ആശുപത്രിയിൽ ഓക്‌സിജൻ സ്റ്റോക്ക് തീർന്ന സാഹചര്യത്തിൽ നിമിഷങ്ങൾക്കകം സർക്കാരിൽ നിന്ന് അടിയന്തര ഓക്സിജൻ വിതരണം ലഭിച്ചതായി അധികൃതർ അറിയിച്ചു. ഒരു ദിവസം 8000 ലിറ്റർ ഓക്‌സിജനാണ് ഉപയോഗിക്കുന്നത്. എന്നാൽ 500 ലിറ്റർ ഓക്‌സിജൻ മാത്രമേ നിലവിൽ ലഭ്യമായിട്ടുള്ളൂവെന്നും ബാത്ര ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സുധാൻഷു വെങ്കട്ട അറിയിച്ചു. അതേസമയം ഒന്നരമണിക്കൂർ കൂടിയുള്ള ഓക്‌സിജനേ ആശുപത്രിയിൽ നിലവിലുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 350 രോഗികളാണ് ആശുപത്രിയിലുള്ളത്. ഇതിൽ 265 പേർ കൊവിഡ് പോസീറ്റീവാണ്. ഇതിൽ 30 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് സർ ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ മരിച്ചിരുന്നു.