ന്യൂഡൽഹി: രാജ്യത്ത് മൃഗങ്ങളിലും കൊവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ സിംഹങ്ങളുൾപ്പെടെ ചില മൃഗങ്ങളുടെ സാമ്പിളുകൾ പരിശോധനയ്‌ക്കയച്ച് ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്ക്. സാമ്പിളുകൾ ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് (ഐവിആർഐ) അയച്ചതായി അധികൃതർ അറിയിച്ചു. നിലവിൽ പ്രതികൂലമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്നും നാഷണൽ സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ രമേശ് പാണ്ഡെ അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്:ഹൈദരാബാദ് നെഹ്‌റു മൃഗശാലയിലെ സിംഹങ്ങൾക്ക് കൊവിഡ്
വിവിധ മൃഗശാലകളിലെ മൃഗങ്ങളിൽ കൊവിഡ് വകഭേദമായ സാർസ്-കോവ്2 സ്ഥിരീകരിക്കുന്നതായി വിവരങ്ങൾ ലഭിക്കുന്നു. നാഷണൽ സുവോളജിക്കൽ പാർക്കിലും ഇത് സംബന്ധിച്ച് നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് മൃഗശാലയിലെ ശുചീകരണ പ്രവർത്തനങ്ങൾ ഇടവിടാതെ നടത്തിവരുന്നതായും പാണ്ഡെ കൂട്ടിച്ചേർത്തു.
നേരത്തെ ഉത്തർപ്രദേശിലെ ഇറ്റാവ സഫാരി പാർക്കിൽ രണ്ട് പെൺ സിംഹങ്ങൾക്കും ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്കിൽ എട്ട് സിംഹങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൃഗങ്ങളുടെ സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചിരിക്കുന്നത്.
കൂടുതൽ വായനയ്‌ക്ക്:ഇറ്റാവ സഫാരി പാർക്കിൽ രണ്ട് സിംഹങ്ങൾക്ക് കൊവിഡ്