ന്യൂഡൽഹി :പ്രണയം നിരസിച്ച യുവതിയെ വെടിവച്ചുകൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് - ലോനി സ്വദേശിയായ ദീപക് ഭാട്ടിയാണ് (24) പൊലീസ് പിടിയിലായത്. രണ്ട് തവണ വെടിയേറ്റ 21കാരിയെ ഗുരുതര പരിക്കുകളോടെ ഹിന്ദു റാവു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്‌ച (21.07.22) ഡൽഹിയിലെ മുഖർജി നഗറിലായിരുന്നു സംഭവം. കൊലപാതകശ്രമം സംബന്ധിച്ച വിവരം ലഭിച്ചയുടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ പേപ്പർ ഫാക്‌ടറി തൊഴിലാളിയായ ദീപക് ഭാട്ടിയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് ഇയാൾക്കായി പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തി.
പൊലീസിന്‍റെ സാന്നിധ്യം മനസിലാക്കിയ പ്രതി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇയാളെ പിന്തുടർന്നെത്തിയ പൊലീസ് ഷഹാദ്രയിലെ വിശ്വാസ് നഗറിലെ മാർക്കറ്റിന് സമീപം വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ തനിക്ക് യുവതിയോട് പ്രണയമുണ്ടായിരുന്നതായും എന്നാൽ യുവതി അത് നിരസിച്ചതായും ദീപക് വെളിപ്പെടുത്തി.
ALSO READ:മറ്റൊരാളുമായി പ്രണയം, യുവതിയുടെ അറുത്തെടുത്ത തലയുമായി മുന്‍ കാമുകന്‍ പൊലീസ് സ്റ്റേഷനില്‍
ഇതിൽ രോഷാകുലനായ പ്രതി യുവതിയെ നാടൻ തോക്ക് ഉപയോഗിച്ച് വെടിവയ്‌ക്കുകയായിരുന്നു. ശേഷം ബൈക്കിൽ രക്ഷപ്പെട്ടു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) സെക്ഷൻ 307, ആംസ് ആക്‌ട് 27 എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയിൽ നിന്നും മാരകായുധം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.