കാറില്‍ കുടുങ്ങി ഡല്‍ഹി പെണ്‍കുട്ടി റോഡിലൂടെ വലിച്ചിഴക്കപ്പെട്ടത് 12 കി.മീ ; നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത് ന്യൂഡല്‍ഹി :പുതുവത്സര രാത്രിയില്‍ ഡല്‍ഹിയില്‍ 20കാരി അഞ്‌ജലി ദാരുണമായി കൊല്ലപ്പെടുന്നതിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. മാരുതി ബലേനോ കാറിന്‍റെ ചക്രത്തില്‍ വസ്ത്രം കുടുങ്ങി യുവതി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. സംഭവത്തില്‍ ദൃക്‌സാക്ഷി മൊഴി ശരിവയ്‌ക്കുന്നതാണ് വീഡിയോ.
ജനുവരി ഒന്നിന് പുലര്‍ച്ചെ 3.34 ആണ് സിസിടിവിയില്‍ രേഖപ്പെടുത്തിയ സമയം. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ കാഞ്ചവാല റോഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. കാര്‍ യൂടേണ്‍ എടുക്കുമ്പോള്‍ അതിന്‍റെ വീലുകള്‍ക്കടിയില്‍ യുവതി കുടുങ്ങി കിടക്കുന്നത് കാണാം.
യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയെ ഇടിച്ചിട്ടതിന് ശേഷം കാര്‍ യൂടേണ്‍ എടുക്കുന്നത് കണ്ടതായി കാഞ്ചവാലയില്‍ ബേക്കറി കട നടത്തുന്ന ദീപക് ദഹിയ പൊലീസിനോട് പറഞ്ഞിരുന്നു. 100 മീറ്റര്‍ അപ്പുറത്തുനിന്ന് വലിയ ശബ്‌ദം കേട്ടു. ടയര്‍ പൊട്ടിയതാണെന്നാണ് ആദ്യം വിചാരിച്ചത്.
കാര്‍ അടുത്തെത്തിയപ്പോള്‍ അതിന്‍റെ അടിയില്‍ കുടുങ്ങിയ ശരീരം കണ്ടു. സംഭവം ഉടനെ തന്നെ പൊലീസില്‍ അറിയിച്ചു. യുവതിയുടെ ശരീരം വലിച്ചിഴച്ച് വാഹനം മുന്നേറുകയായിരുന്നു. തന്‍റെ ബൈക്കില്‍ കാറിനെ പിന്തുടര്‍ന്ന് അവരോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയിരുന്നില്ല.
ഒന്നര മണിക്കൂറോളം കാര്‍ യുവതിയുടെ ശരീരം വലിച്ചിഴച്ച് സഞ്ചരിച്ചിട്ടുണ്ടാവും. കാറില്‍ നിന്ന് മൃതദേഹം വേര്‍പെട്ടശേഷം സംഭവസ്ഥലത്ത് നിന്ന് അവര്‍ രക്ഷപ്പെട്ടു. ഇതൊരു അപകടമാവാന്‍ സാധ്യതയില്ലെന്നുമാണ് ദഹിയ പറയുന്നത്.
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു. കുറ്റാരോപിതരുടെ രാഷ്‌ട്രീയ ബന്ധങ്ങള്‍ കണക്കിലെടുക്കാതെ ശക്തമായ നടപടിയെടുക്കണമെന്ന് ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണറോട് ആവശ്യപ്പെട്ടതായും അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
യുവതിയുടെ വസ്ത്രമടക്കം കാല്‍ കാറിന്‍റെ വീലില്‍ കുടുങ്ങിയെന്നും വലിച്ചിഴച്ച് കാര്‍ 12 കിലോമീറ്ററോളം സഞ്ചരിച്ചെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. അശ്രദ്ധയോടെ വാഹനം ഓടിക്കല്‍, അശ്രദ്ധ കാരണം മരണം സംഭവിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ദീപക് ഖന്ന(26), അമിത് ഖന്ന(25), കൃഷന്‍(27), മിഥുന്‍(26), മനോജ് മിത്തല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ദീപക്കാണ് വാഹനം ഓടിച്ചത്.
മദ്യം കഴിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാന്‍ ദീപക്കിന്‍റെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മദ്യലഹരിയില്‍ ആയിരുന്നതിനാലും കാറില്‍ ഉറക്കെ പാട്ട് വച്ചതിനാലും യുവതിയെ ഇടിച്ചത് കാറിലുള്ളവര്‍ക്ക് അറിയാന്‍ സാധിച്ചിട്ടുണ്ടാവില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.