ന്യൂഡല്‍ഹി: ഹോം വര്‍ക്ക് ചെയ്യാത്തതിന് അഞ്ചുവയസുകാരിയെ കൈകാലുകള്‍ പിറകില്‍ കെട്ടി ചുട്ടുപൊള്ളുന്ന ടെറസില്‍ കിടത്തി അമ്മയുടെ ക്രൂരത. ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയിലാണ് ക്രൂരമായ സംഭവം. കുട്ടിയുടെ അമ്മക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കുട്ടിയുടെ ദൃശ്യം ജൂണ്‍ 2ന് നടന്ന സംഭവത്തിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അയല്‍വാസിയായ സ്‌ത്രീയാണ് ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. 25 സെക്കന്‍ഡ് ദൈര്‍ഘ്യമേറിയ വീഡിയോയില്‍ കുട്ടി ശരീരത്തിലെ കെട്ടഴിക്കാന്‍ ശ്രമിക്കുന്നതും സഹായത്തിനായി കരയുന്നതും കാണാം.
ശിക്ഷിച്ചത് ഹോം വര്‍ക്ക് ചെയ്യാത്തതിന്: ഉച്ചയ്ക്ക് രണ്ട് മണിക്ക് കുട്ടിയുടെ കൈകാലുകള്‍ കെട്ടി ടെറസില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ സ്‌ത്രീ പറയുന്നത് കേള്‍ക്കാം. ഹോം വര്‍ക്ക് ചെയ്യാത്തതിനാണ് കുട്ടിയെ അമ്മ ശിക്ഷിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അമ്മക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം സെക്ഷന്‍ 75 പ്രകാരം ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
അതേസമയം, മകള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മാത്രമേ ഭാര്യ ഉദ്ദേശിച്ചിരുന്നൊള്ളുവെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. 'സംഭവത്തെ കുറിച്ച് അറിഞ്ഞപ്പോൾ ഇത്തരത്തിലല്ല കുട്ടിയെ ശിക്ഷിക്കേണ്ടതെന്ന് ഞാന്‍ പറഞ്ഞു. എന്‍റെ ഭാര്യക്ക് കുറ്റബോധമുണ്ട്, അവളുടെ പ്രവൃത്തിയില്‍ പശ്ചാത്താപിക്കുന്നുമുണ്ട്.
'ഉദ്ദേശം നല്ലതായിരുന്നു, രീതി കുറച്ച് കഠിനമായിപ്പോയി': അവളുടെ ഉദ്ദേശം നല്ലതായിരുന്നു, പക്ഷേ മകളെ ശിക്ഷിച്ച രീതി കുറച്ച് കഠിനമായിപ്പോയി, 'പെൺകുട്ടിയുടെ അച്ഛന്‍ പറഞ്ഞു. 10-15 മിനിറ്റ് മാത്രമാണ് കുട്ടിയെ ടെറസില്‍ കിടത്തിയത്. എന്നാല്‍ പൊലീസ് കുറ്റവാളിയെന്ന രീതിയിലാണ് പെരുമാറുന്നതെന്നും കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു.
ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹി വനിത കമ്മിഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ ആവശ്യപ്പെട്ട് കൊണ്ട് ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്ഒക്ക് വനിത കമ്മിഷന്‍ നോട്ടീസ് നല്‍കി. ജൂണ്‍ 10നകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ഡല്‍ഹി പൊലീസിന് കമ്മിഷന്‍ നിർദേശം നല്‍കിയിട്ടുണ്ട്.
Also read:ഭക്ഷണം ചോദിച്ച നാല് വയസുകാരനെ കൈ പൊള്ളിച്ച്, കട്ടിലില്‍ കെട്ടിയിട്ട് രണ്ടാനമ്മ