ന്യൂഡൽഹി: രാജ്യ തലസ്ഥാന നഗരിയിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ തിങ്കളാഴ്ച മുതല്‍ നിലവിൽ വരും. ഒറ്റ ഇരട്ട സംവിധാനത്തിൽ നിന്ന് മാറി ഷോപ്പുകൾക്കും മാളുകൾക്കും തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവർത്തനമെന്നും കൊവിഡ് കേസുകളിൽ വർധനവുണ്ടായാൽ കർശന നടപടികളിലേക്ക് വീണ്ടും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസുകളിൽ വർധനവ് ഉണ്ടായില്ലെങ്കിൽ ഈ രീതിയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയാണ് മാർക്കറ്റുകൾ പ്രവർത്തനാനുമതി നൽകുന്നത്.
50 ശതമാനം പേർക്ക് മാത്രം പ്രവേശനാനുമതിയോടെ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, ഡൽഹി മെട്രോ എന്നിവക്ക് പ്രവർത്തിക്കാം. അതേ സമയം രാഷ്‌ട്രീയ, കായിക, സാമൂഹ്യ, അക്കാദമിക് തുടങ്ങിയ ഒത്തുചേരലുകൾക്ക് വിലക്കുണ്ട്. നീന്തൽക്കുളങ്ങൾ, സ്റ്റേഡിയം, സ്‌പോർട്സ് കോംപ്ലക്‌സ്, സിനിമ തീയേറ്ററുകൾ എന്നിവക്കും പ്രവർത്തനാനുമതി നൽകിയിട്ടില്ല. സംസ്കാര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമേ അനുമതിയുള്ളു.
ഡൽഹിയിൽ കൊവിഡ് രണ്ടാം തരംഗം വർധിച്ച സാഹചര്യത്തിലാണ് ഏപ്രിൽ 19ന് സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് മെയ് 31 മുതൽ ഡൽഹിയിൽ അൺലോക്ക് പ്രക്രിയ ആരംഭിച്ചത്.
Read more:ഡല്‍ഹിയില്‍ സജീവ കേസുകള്‍ 4000ല്‍ താഴെ: 213 പേര്‍ക്ക് കൊവിഡ്