ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റി (Delhi University) സൗത്ത് കാമ്പസിന് പുറത്ത് വിദ്യാർഥി കുത്തേറ്റ് മരിച്ചു. പൊളിറ്റിക്കൽ സയൻസിൽ ബിഎ ഓണേഴ്‌സ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ നിഖിൽ ചൗഹാനാണ് (19) കാമ്പസിലെ തന്നെ മറ്റൊരു വിദ്യാർഥിയുടെ കുത്തേറ്റ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.
ഡൽഹി യൂണിവേഴ്‌സിറ്റി സൗത്ത് കാമ്പസിലെ ആര്യഭട്ട കോളജിന് പുറത്ത് വച്ചാണ് നിഖിലിന് കുത്തേറ്റത്. പെൺസുഹൃത്തിനോട് മോശമായി പെരുമാറി എന്നാരോപിച്ച് നിഖിൽ ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വിദ്യാർഥിയുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഈ യുവാവും സംഘവുമാണ് നിഖിലിനെ ആക്രമിച്ചത്.
ബൈക്കിലെത്തിയ നാല് യുവാക്കൾ കോളജ് ഗേറ്റിന് പുറത്ത് വച്ച് നിഖിലിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നെഞ്ചിൽ ഗുരുതരമായി പരിക്കേറ്റ നിഖിലിനെ ഉടൻതന്നെ ചരക് പാലിക ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിലെ മറ്റൊരു വിദ്യാർഥി നിഖിലിന്‍റെ പെൺസുഹൃത്തിനോട് ഒരാഴ്‌ച മുൻപ് അപമര്യാദയായി പെരുമാറിയിരുന്നു. ഇത് നിഖിൽ ചോദ്യം ചെയ്‌തതിലുണ്ടായ പകയാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്നും ബൈക്കിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തും പരിസരത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകൾ പരിശോധിച്ചു വരികയാണെന്നും പ്രതികളെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പശ്ചിമ വിഹാറിലെ (Paschim Vihar) താമസക്കാരനായിരുന്നു നിഖിൽ. മോഡലിങ്ങിൽ താൽപ്പര്യമുണ്ടായിരുന്ന നിഖിൽ മുംബൈയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നുവെന്നും അതിനിടെയാണ് ആക്രമണം ഉണ്ടായതെന്നും പിതാവ് സഞ്ജയ് ചൗഹാൻ പറഞ്ഞു. 'മോഡലിങ് ചെയ്യാൻ നിഖിലിന് മുംബൈയിൽ നിന്ന് ഒരു കോൾ വന്നിരുന്നു. എന്നാൽ ആ സമയത്ത് നിഖിലിന്‍റെ ഒന്നാം സെമസ്റ്റർ പരീക്ഷ നടക്കുകയായിരുന്നു, അതിനാൽ ആദ്യം പരീക്ഷ എഴുതാൻ ഞാൻ നിഖിലിനോട് ആവശ്യപ്പെട്ടു. ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞതോടെ നിഖിലിന്‍റെ ആഗ്രഹപ്രകാരം മോഡലിങ്ങിനായി മുംബൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു, പക്ഷേ എല്ലാം പരാജയപ്പെട്ടു' -നിഖിലിന്‍റെ പിതാവ് പറഞ്ഞു.
'ചോരക്കളം'.. സൗത്ത് വെസ്റ്റ് ഡൽഹിയിൽ ഒരു ദിവസത്തിനിടെ നടന്നത് 3 കൊലപാതകങ്ങൾ :നിഖിലിന്‍റെ മരണത്തോടെ സൗത്ത് വെസ്റ്റ് ഡൽഹി ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ ആകെ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഡൽഹിയിലെ ആർ കെ പുരം മേഖലയിൽ രണ്ട് സഹോദരിമാർ വെടിയേറ്റ് മരിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് നിഖിലിന്‍റെ കൊലപാതകം നടന്നത്. ഇന്നലെ പുലർച്ചെയാണ് ആർ കെ പുരത്ത് രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചത്.
സഹോദരിമാരായ പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്. വിരമറിഞ്ഞ് പൊലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തുകയും ഇരുവരെയും എസ്ജെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട സ്‌ത്രീകളുടെ സഹോദരനെ ലക്ഷ്യം വച്ചാണ് ആക്രമികൾ എത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
More Read :ഡൽഹിയിൽ സഹോദരിമാർ വെടിയേറ്റ് മരിച്ചു ; സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് പൊലീസ്