ന്യൂഡൽഹി :റോഡ് നിയമങ്ങൾ പതിവായി ലംഘിക്കുന്ന നഗരത്തിലെ 100 മോശം ഡ്രൈവർമാരുടെ പട്ടിക പുറത്തുവിടുമെന്ന് ഡൽഹി ട്രാഫിക് പൊലീസ്. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരമൊരു നടപടി.
ചുവപ്പ് സിഗ്നൽ മറികടക്കുന്നവർ, അമിത വേഗത്തിൽ വാഹനമോടിക്കുന്നവർ, മദ്യപിച്ച് വാഹനമോടിക്കുന്നവർ, അപകടകരമാം വിധം വാഹനമോടിക്കുന്നവർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെടുക.
ഡ്രൈവിങ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അവരെ ധരിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ട്രാഫിക് സ്പെഷ്യൽ പൊലീസ് കമ്മിഷണർ മുക്തേഷ് ചന്ദർ പറഞ്ഞു.
ഇത്തരക്കാരുടെ ഡ്രൈവിങ് മൂലം അവരുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാണ്. ട്രാഫിക് പൊലീസിന്‍റെ റോഡ് സുരക്ഷ ക്ലാസുകളിൽ ചേരാൻ പട്ടികയിൽ ഉൾപ്പെടുന്നവരോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.