ന്യൂഡല്‍ഹി :പിഴയെന്ന പേരില്‍ കൊറിയന്‍ പൗരനില്‍ നിന്ന് 5,000 രൂപ ഈടാക്കിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മഹേഷ് ചന്ദ് എന്ന ഉദ്യോഗസ്ഥനെതിരെ, ഒരു മാസം മുന്‍പുണ്ടായ സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.
അന്വേഷണ വിധേയമായി ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌ത വിവരം ഡല്‍ഹി ട്രാഫിക് പൊലീസാണ് പുറത്തുവിട്ടത്. വിദേശിയില്‍ നിന്ന് പണം കൈപ്പറ്റിയെങ്കിലും ഇയാള്‍ രസീത് നല്‍കിയിരുന്നില്ല. എന്നാല്‍ രസീത് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും കൊറിയന്‍ പൗരന്‍ അവിടെ നിന്നും കാറുമായി പോവുകയായിരുന്നു എന്നാണ് മഹേഷ് ചന്ദിന്‍റെ വിശദീകരണം.
കൊറിയന്‍ പൗരന്‍ തന്‍റെ 1.34 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലില്‍ ഇതിന്‍റെ വീഡിയോ ജൂലൈ 20ന് പോസ്റ്റ് ചെയ്‌തിരുന്നു. കാര്‍ ഡ്രൈവ് ചെയ്‌ത് എത്തുന്ന ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ നിര്‍ദേശ പ്രകാരം വാഹനം റോഡിന് ഒരു വശത്തേക്ക് നിര്‍ത്തുന്നു. പിന്നാലെ, തന്‍റെ വാഹനത്തിന് അടുത്തേക്ക് എത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് ആശയവിനിമയം നടത്തുന്നതും വീഡിയോയില്‍ കാണാം.
ട്രാഫിക് നിയമലംഘനം നടത്തിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊറിയന്‍ പൗരനെ അറിയിച്ചത്. ഇതിന് പിഴയായി 5,000 രൂപ നല്‍കണമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. ആദ്യം 500 രൂപയാണ് നല്‍കുന്നത്.
എന്നാല്‍ 500 അല്ല, 5,000 രൂപയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്നാണ് കൊറിയന്‍ പൗരന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട പണം നല്‍കുന്നത്. പിന്നാലെ ഇരുവരും കൈകൊടുത്ത് പിരിയുന്നതുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ഉള്ളത്.