ന്യൂഡൽഹി:കേരളത്തിന് പിന്നാലെ രാജ്യ തലസ്ഥാനത്തും കൊവിഡ് കേസുകള്‍ ഉയരുന്നു. ഈ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ഉപയോഗിച്ചില്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം. കേസുകള്‍ കുറഞ്ഞതോടെ ജനങ്ങളില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് കർശനമായി നടപ്പാക്കുന്നതിനായി ജില്ല മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം നൽകി. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) പുറത്തിറിക്കിയ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഡൽഹിയിൽ കൊവിഡ്-19 അണുബാധിതരുടെ എണ്ണം കൂടിയതായി കണ്ടെത്തിയിരുന്നു. അതേസമയം നാല് ചക്ര സ്വകാര്യ വാഹനങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിര്‍ബന്ധമില്ല. .
പ്രതിദിന കണക്ക് ഉയരുന്നു: അണുബാധയുടെ വർധനവ് കണക്കിലെടുത്ത് കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുമെന്ന് സൗത്ത് ഈസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് ഇഷ ഖോസ്‌ല പറഞ്ഞു. ഉത്സവങ്ങൾ ഉള്‍പ്പെടെ ജനങ്ങള്‍ ഒത്തുകൂടുന്ന പരിപാടികളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 180 ദിവസത്തിലെ ഏറ്റവും വലിയ കൊവിഡ് കണക്കും മരണ നിരക്കുമാണ് രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.