ന്യൂഡല്‍ഹി:ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയില്‍ നാളെ(ഓഗസ്റ്റ് 7) അവതരിപ്പിക്കും. ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിനിടെ ഓഗസ്റ്റ് നാലിന് ഈ ബില്‍ പാസാക്കിയിരുന്നു. പിന്നാലെയാണ് രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ഈ സാഹചര്യത്തില്‍ നാളെ രാജ്യസഭയിൽ നിര്‍ബന്ധമായും ഹാജരാകണമെന്ന് തങ്ങളുടെ എംപിമാരോട് കോൺഗ്രസും ആം ആദ്‌മി പാർട്ടിയും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മൂന്ന് വരി വിപ്പ് എംപിമാര്‍ക്ക് അയച്ചു. 'വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ് നാളെ രാജ്യസഭയിൽ ചർച്ചയ്ക്ക് എടുക്കുന്നത്. രാജ്യസഭയിലെ മുഴുവന്‍ കോൺഗ്രസ് അംഗങ്ങളും നാളെ സഭ നിർത്തിവയ്ക്കുന്നത് വരെയുണ്ടാവണം. രാവിലെ തന്നെ ഹാജരാകണം, പാർട്ടി നിലപാടിനെ പിന്തുണയ്‌ക്കണം.' - കോൺഗ്രസ് ഞായറാഴ്‌ച പുറപ്പെടുവിച്ച എംപിമാര്‍ക്കുള്ള നിര്‍ദേശത്തില്‍ പറയുന്നു.
സമാനമായി, ആം ആദ്‌മി പാർട്ടിയും (എഎപി) തങ്ങളുടെ രാജ്യസഭ അംഗങ്ങൾക്ക് ഓഗസ്റ്റ് ഏഴ്, എട്ട് തിയതികളിൽ സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മൂന്ന് വരി വിപ്പ് പുറപ്പെടുവിച്ചു. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ മേലുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി നേരത്തേ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് ഈ നിയന്ത്രണം കൈവശപ്പെടുത്താന്‍ വേണ്ടിയുള്ള ബില്‍ കേന്ദ്ര സർക്കാര്‍ മുന്നോട്ടുവച്ചത്. 'രാജ്യസഭയിലെ ആം ആദ്‌മി പാർട്ടിയുടെ (എഎപി) എല്ലാ അംഗങ്ങളും ഓഗസ്റ്റ് ഏഴ് മുതൽ എട്ട് വരെ രാവിലെ 11 മണി മുതൽ സഭയില്‍ ഉണ്ടാവണം. പാർട്ടി നിലപാടിനെ പിന്തുണയ്ക്കാന്‍ അഭ്യർഥിക്കുന്നു. വളരെ ഗൗരവത്തോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യണം.'- വിപ്പില്‍ പറയുന്നു.