ന്യൂഡൽഹി: ഡൽഹി കലാപത്തിൽ പൊലീസിന് നേര തോക്കു ചൂണ്ടിയ പ്രതി ഷാരൂഖ് പതാൻ കൊലപാതക ശ്രമത്തിൽ ജാമ്യം തേടി കോടതിയിൽ. ഡൽഹി കലാപം നടക്കുമ്പോൾ ദീപക് ദഹിയ എന്ന പൊലീസ് കോൺസ്റ്റബിളിന് നേരെ തോക്ക് ചൂണ്ടിയതും രോഹിത് ശുക്ല എന്നൊരാളെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് കേസുകളാണ് ഷാരൂഖ് പതാന്‍റെ പേരിലുള്ളത്. തിഹാർ ജയിലിൽ കഴിയുന്ന പ്രതി അഡ്വ. കാലിദ് അക്തർ മുഖേനെയാണ് സിറ്റി കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
പതാനെതിരായ കേസ് വ്യാജം
ഡൽഹി കലാപം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാക്കിയതാണെന്നും ഇരകൾ, സാക്ഷികൾ, തെളിവുകൾ, സാക്ഷ്യപത്രങ്ങൾ എന്നിവ വ്യാജമായി സൃഷ്ടിച്ചതാണെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഷാരൂഖ് പതാനെതിരെയുള്ള കേസ് ഉൾപ്പെടെ തട്ടിപ്പാണെന്നും അപേക്ഷയിൽ പറയുന്നു. പതാനെ "പോസ്റ്റർബോയ്" ആക്കി മുസ്‌ലിം ജനതക്കിടയിൽ ഭയം വളർത്തുകയും അതുവഴി ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമായ നിയമത്തിനെതിരെ ശബ്ദം ഉയർത്തുന്നവരെ പിന്തിരിപ്പിക്കാനുമുള്ള ശ്രമമാണ് നടന്നത്.