ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം വടക്ക്-കിഴക്ക് ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റാരോപിതരായ രണ്ട് പേരുടെ ചാര്‍ജ് ഷീറ്റുകള്‍ കോടതി ഒഴിവാക്കി. ഇമ്രാന്‍, ബാബു എന്നിവരുടെ പേരിലുള്ള കൊലപാതക ശ്രമക്കേസാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയത്. 'നൂറ് മുയലുകളെ കൊണ്ട് ഒരു കുതിരയെ ഉണ്ടാക്കാന്‍ കഴിയില്ല, അതുപോലെ നൂറ് സംശയങ്ങള്‍ നിരത്തിയാല്‍ തെളിവുകളായി കണക്കാക്കാന്‍ കഴിയില്ലെന്നുമുള്ള' റഷ്യന്‍ നോവലിസ്റ്റിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചാണ് അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി അമിതാഭ് റവാത്ത് കേസില്‍ വിധി പറഞ്ഞത്.
ഡല്‍ഹി കലാപം; രണ്ട് പേരുടെ കേസുകള്‍ കോടതി റദ്ദാക്കി - അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി അമിതാഭ് റവാത്ത്
തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഇമ്രാന്‍, ബാബു എന്നിവര്‍ക്കെതിരെയുള്ള കൊലപാതക ശ്രമക്കേസാണ് കോടതി റദ്ദാക്കിയത്
അതേസമയം ഇവര്‍ കലാപത്തിന്‍റെ ഭാഗമായിരുന്നെന്നും ഇവര്‍ക്കെതിരെ ആയുധങ്ങള്‍ കൈവശം വച്ചതിന് ഐപിസി സെക്ഷന്‍ 143,144, 147, 148, 149, 307 പ്രകാരം കുറ്റം ചുമത്തണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കുറ്റാരോപിതര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തെളിവുകളുടെ അഭാവത്തില്‍ ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ഫെബ്രുവരി 24നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 53 പേർ മരിക്കുകയും 748 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.