ഡൽഹി: അതി ശൈത്യത്തിൽ വിറങ്ങലിച്ച് ഡൽഹി. ഇന്ന് രാവിലെ റെക്കോർഡ് തണുപ്പാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. താപനില 3.6 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് രാവിലെയും കനത്തമുടൽ മഞ്ഞ് തുടരുകയാണ് (Delhi records coldest morning). മൂടൽ മഞ്ഞു നഗരത്തെ ഒന്നാകെ വിഴുങ്ങിയിരുന്നു. സഫ്‌ദർജംഗിൽ രാവിലെ 7:30 ന് ഏറ്റവും കുറഞ്ഞ ദൃശ്യപരത 300 മീറ്റർ വരെയായിരുന്നു. പാലത്തിൽ 350 മീറ്റർ വരെയായിരുന്നു ദൃശ്യപരത.
മഞ്ഞിന്‍റെ തീവ്രതയെ കാലാവസ്ഥ വകുപ്പ് നാലായി തരം തിരിച്ചിട്ടുണ്ട്. കുറഞ്ഞതും മിതമായതും മങ്ങിയതും വളരെ മങ്ങിയതുമായ മൂടൽ മഞ്ഞു എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ദൃശ്യപരത യഥാക്രമം 999 മീറ്റർ മുതൽ 500 മീറ്റർ വരെയും, 499 മീറ്റർ മുതൽ 200 മീറ്റർ വരെയും, 199 മീറ്റർ മുതൽ 50 മീറ്റർ വരെയും, 50 മീറ്ററിൽ താഴെയുമാണ്.