ന്യൂഡൽഹി:തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 623 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാർച്ച് 18 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏകദിന കണക്കാണിത്. പോസിറ്റിവിറ്റി നിരക്കും 0.88 ശതമാനമായി കുറഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി ദേശീയ തലസ്ഥാനത്തെ ദൈനംദിന കൊവിഡ് കേസുകളിൽ ക്രമാനുഗതമായ ഇടിവാണ് കാണുന്നത്. മാർച്ച് 18 ന് നഗരത്തിൽ 607 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഡൽഹി സർക്കാരിന്‍റെ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,423 പേർക്ക രോഗം ഭേദമായി. അതേസമയം 62 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 11 ന് റിപ്പോർട്ട് ചെയ്ത 48 മരണങ്ങൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70,813 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകളുടെ എണ്ണം 1,93,73,093 ആയി. 10,178 സജീവ കേസുകളും 13,92,386 വീണ്ടെടുക്കലുകളും 24,299 മരണങ്ങളും ഉൾപ്പെടെ ഡൽഹിയിലെ ആകെ കേസുകൾ 14,26,863 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,623 പേർക്ക് വാക്സിനേഷൻ നൽകി. നിലവിൽ രാജ്യ തലസ്ഥാനത്ത് ഇതുവരെ 54,10,147 പേർക്ക് പ്രതിരോധ കുത്തിവയ്‌പ് നൽകിയിട്ടുണ്ട്.