ന്യൂഡൽഹി : ഉത്തരേന്ത്യയിൽ വ്യാപക നാശം വിതച്ച് കനത്ത മഴ. ഡൽഹിയിലെ യമുന നദിയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നു. ചൊവ്വാഴ്‌ച രാവിലെയോടെയാണ് യമുനയിലെ ജലനിരപ്പ് അപകട സൂചിക മറികടന്നത്. അപകട സൂചികയായ 205.33 മീറ്റർ മറികടന്ന് ജലനിരപ്പ് നിലവിൽ 206.28 മീറ്ററായി ഉയർന്നിരിക്കുകയാണ്. ഇതിനാൽ ഡൽഹിയും സമീപ പ്രദേശങ്ങളും പ്രളയ ഭീതിയിലാണ്.
ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്ന് വിട്ടതോടെയാണ് പ്രതീക്ഷിച്ചതിലും വേഗത്തിൽ യമുന കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. സെൻട്രൽ വാട്ടർ കമ്മിഷന്‍റെ റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്‌ച രാവിലെ 6 മണിയോടെ പഴയ റെയിൽവേ പാലത്തിലെ ജലനിരപ്പ് 206.28 മീറ്ററായി ഉയർന്നു. ചൊവ്വാഴ്‌ച ഉച്ചയോടെ നദിയിലെ വെള്ളം 206.65 മീറ്ററായി ഉയർന്ന് ക്രമേണ താഴുമെന്നാണ് പ്രതീക്ഷ.
അതേസമയം പ്രളയ സാധ്യത കണക്കിലെടുത്ത് യമുന തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇവരെ നഗരത്തിന്‍റെ സുരക്ഷിത പ്രദേശങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയബാധിത പ്രദേശങ്ങളും യമുനയുടെ ജലനിരപ്പും നിരീക്ഷിക്കാൻ ഡൽഹി സർക്കാർ 16 കൺട്രോൾ റൂമുകളും സ്ഥാപിച്ചിട്ടുണ്ട്.
ഡൽഹിയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉണ്ടാകാൻ സാധ്യതയില്ലെന്നും എന്നാൽ ഏത് സാഹചര്യവും നേരിടാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്‌ച വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നദി 206 മീറ്റർ കവിഞ്ഞാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.