ന്യൂഡല്‍ഹി: അഖിലേന്ത്യ റെസ്‌ലിങ് ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ മലക്കം മറിഞ്ഞ് ഡല്‍ഹി പൊലീസ്. പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പറഞ്ഞിരുന്ന പൊലീസ്, കര്‍ഷക നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഗുസ്‌തി താരങ്ങള്‍ പ്രതിഷേധം താത്‌കാലികമായി അവസാനിപ്പിച്ചതോടെ നിലപാട് മാറ്റി. ഗുസ്‌തി താരങ്ങളുടെ പരാതി പരിഗണനയിലാണ് എന്നാണ് പൊലീസ് നിലവില്‍ പറയുന്നത്. കൂടാതെ ബ്രിജ് ഭൂഷണെതിരായ ആരോപണത്തില്‍ തെളിവില്ലെന്നും ഡല്‍ഹി പൊലീസ് പറയുന്നു.
15 ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. എന്നാല്‍ കുറ്റപത്രത്തിന്‍റെ രൂപത്തിലാണോ അതോ അന്തിമ റിപ്പോര്‍ട്ടിന്‍റെ രൂപത്തിലാണോ റിപ്പോര്‍ട്ട് കോടതിയിലെത്തുക എന്നതില്‍ പൊലീസ് വ്യക്തത നല്‍കിയിട്ടില്ല. ഗുസ്‌തി താരങ്ങളുടെ അവകാശവാദം തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഇല്ലെന്നും താരങ്ങള്‍ ആവശ്യപ്പെടുന്ന പ്രകാരം അറസ്റ്റുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നുമാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
നേരത്തെ വിഷയത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു കൊണ്ട് ഡല്‍ഹി പൊലീസ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചത് ഇങ്ങനെയാണ് -'മാധ്യമ വാര്‍ത്ത തെറ്റാണ്. തന്ത്രപ്രധാനമായ ഈ കേസിന്‍റെ അന്വേഷണം എല്ലാ സൂക്ഷമതയോടും കൂടി പുരോഗമിക്കുന്നു'. ഇതേ കാര്യം പൊലീസ് മാധ്യമങ്ങളുമായും പങ്കുവച്ചിരുന്നു. എന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ട്വീറ്റുകള്‍ അപ്രത്യക്ഷമായി. മാധ്യമപ്രവർത്തകരുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശവും പൊലീസ് നീക്കം ചെയ്‌തു.
പിന്നാലെ മറ്റൊരു സന്ദേശവുമായി ഡല്‍ഹി പൊലീസിലെ പിആര്‍ഒ രംഗത്ത് വന്നു. 'വനിത ഗുസ്‌തി താരങ്ങള്‍ വല്‍കിയ പരാതി പരിഗണനയിലാണ്' -എന്നായിരുന്നു സന്ദേശം. പ്രസ്‌തുത കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയിൽ സ്റ്റാറ്റസ് റിപ്പോർട്ടുകൾ സമർപ്പിക്കുന്നു. കേസുകൾ അന്വേഷണത്തിലിരിക്കുന്നതിനാൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയുന്നത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ് എന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
അഖിലേന്ത്യ റെസ്‌ലിങ് ഫെഡറേഷന്‍ മേധാവിക്കെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഗുസ്‌തി താരങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ബജ്‌റങ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ ഗുസ്‌തി താരങ്ങളുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ കുത്തിയിരിപ്പ് സമരം അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം കടുപ്പിച്ചിട്ടും ബ്രിജ് ഭൂഷണെതിരെ നടപടി എടുക്കാതെ വന്നതോടെ, രാജ്യത്തിനായി തങ്ങള്‍ നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് താരങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി.
കര്‍ഷക നേതാക്കള്‍ തടഞ്ഞതിനെ തുടര്‍ന്ന് മെഡല്‍ ഒഴുക്കാനുള്ള ശ്രമം താരങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കര്‍ഷക നേതാക്കള്‍ പ്രശ്‌നം പരിഹരിക്കാന്‍ അഞ്ച് ദിവസത്തെ സമയം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് താരങ്ങള്‍ പ്രതിഷേധം താത്‌കാലികമായി നിര്‍ത്തിയതായി അറിയിച്ചത്. കർഷക സംഘടനയായ സംയുക്ത കിസാൻ മോർച്ച ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് രാജ്യവ്യാപകമായി പ്രകടനത്തിന് ആഹ്വാനം ചെയ്‌തപ്പോൾ, ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്‍റ് നരേഷ് ടികായത്ത് മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്.