ന്യൂഡൽഹി: മാധ്യമ സ്ഥാപനമായ ന്യൂസ്‌ക്ലിക്കിന്‍റെ വിദേശ ഫണ്ടിങും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും സംബന്ധിച്ച അന്വേഷണത്തിനിടെ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയെ ചോദ്യം ചെയ്‌ത് ഡൽഹി പൊലീസ്. നവി മുംബൈയിലെ അഗ്രോളിയിലുള്ള വീട്ടിലെത്തിയാണ് അസിസ്‌റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നവ്‌ലാഖയെ ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടതായി സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. (Delhi Police Team Questions Activist Gautam Navlakha in Newsclick Case)
ന്യൂസ് ക്ലിക് പോർട്ടല്‍ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌തയുമായുള്ള (Prabir Purkayastha) ബന്ധത്തെക്കുറിച്ചും, കമ്പനിയിലെ ഓഹരിയെക്കുറിച്ചും നവ്‌ലാഖയോട് ചോദിച്ചറിഞ്ഞതായും ഉദ്യോഗസ്ഥൻ പറഞ്ഞു. നവ്‌ലാഖയ്‌ക്ക് 1991 മുതൽ പുർകയസ്‌തയുമായി ബന്ധമുണ്ട്. എഫ്‌ഐആർ പ്രകാരം 2018 മുതൽ പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന്‍റെ (PPK NewsClick Studio Private Limited ) ഷെയർഹോൾഡർ കൂടിയാണ് ഗൗതം നവ്‌ലാഖ. എൽഗർ പരിഷത്ത്-മാവോയിസ്‌റ്റ് ബന്ധ കേസിൽ വീട്ടുതടങ്കലിലായിരുന്ന നവ്‌ലാഖയ്ക്ക് ഡിസംബർ 19നാണ് ജാമ്യം ലഭിച്ചത്.
Also Read:അറസ്റ്റ് ശരിവച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ്; ന്യൂസ് ക്ലിക്ക് സ്ഥാപകനും എച്ച്ആര്‍ മേധാവിയും സുപ്രീം കോടതിയില്‍
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം (പാഡ്‌സ്) എന്ന സംഘടനയുമായി പ്രബീർ പുർകയസ്‌ത ഗൂഢാലോചന നടത്തിയെന്നതാണ് ന്യൂസ് ക്ലിക്കിനെതിരായ കേസിന്‍റെ ആധാരം. "ഇന്ത്യയുടെ പരമാധികാരം തകർക്കാനും രാജ്യത്തിനെതിരെ അതൃപ്‌തി ഉളവാക്കാനും ചൈനയിൽ നിന്ന് വൻതോതിൽ ഫണ്ട് വന്നെന്നാരോപിച്ച് ഓഗസ്റ്റിൽ ന്യൂസ് ക്ലിക്ക് ന്യൂസ് പോർട്ടലിനെതിരെ യുഎപിഎ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌തു." ഒരു ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.
Also Read:ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിച്ചു : സീതാറാം യെച്ചൂരിയുടെ വസതിയിൽ പൊലീസ് റെയ്‌ഡ്
പോർട്ടലിന്‍റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌ത, എച് ആര്‍ മേധാവി അമിത് ചക്രവർത്തി എന്നിവരെ ഒക്ടോബർ 3-ന് അറസ്‌റ്റ് ചെയ്‌തു. ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഗൗതം നവ്‌ലാഖയ്ക്കും, ടീസ്‌റ്റ സെതൽവാദ്, അവരുടെ ഭർത്താവ്, ജാവേദ് ആനന്ദ്, മാധ്യമപ്രവർത്തകരായ ഊർമിലേഷ്, ആരാത്രിക ഹൽദർ, പരഞ്ജോയ് ഗുഹ താകുർത്ത, അഭിസാർ ശർമ എന്നിവർക്കും ചൈനീസ് വിദേശ ഫണ്ട് വിതരണം ചെയ്‌തതായി എഫ്‌ഐആറിലുണ്ട്.