ന്യൂഡൽഹി: 10 വർഷമായി രാജ്യത്തെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാകിസ്ഥാന്‍ സ്വദേശിയായ ഐ.എസ് ഭീകരന്‍ അലി എന്ന മുഹമ്മദ് അഷ്റഫ് പിടിയില്‍. ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതിനിടെ രാജ്യതലസ്ഥാനത്തെ ലക്ഷ്‌മി നഗര്‍ രമേശ് പാർക്കിൽ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
പ്രതിയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാകിസ്ഥാനിലെ പഞ്ചാബില്‍ നിന്നുള്ള ഇയാള്‍, ഐ.എസിന്‍റെ നിർദേശപ്രകാരം ആക്രമണം നടത്താന്‍ പദ്ധതിയിട്ട് വരുന്നതിനിടെയിലാണ് അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന്, ഡൽഹി പൊലീസിന്‍റെ പ്രത്യേക സെല്‍ നടത്തിയ ഓപറേഷനില്‍ വലയിലാവുകയായിരുന്നു. അത്യാധുനിക ആയുധങ്ങളായ എ.കെ 47, ഗ്രനേഡുകൾ, വ്യാജ ഇന്ത്യൻ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും പ്രതിയില്‍ നിന്നും കണ്ടെടുത്തു.
ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്‌താനയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടന്നത്. അജ്‌മീര്‍, ഡൽഹി, വൈശാലി, ഉദ്ദംനഗർ തുടങ്ങിയ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ, തീവ്രവാദിയായ അഷ്റഫ് ഒളിത്താവളമായി ഉപയോഗിച്ചുവെന്ന് സ്പെഷ്യൽ സെൽ ഡി.സി.പി പ്രമോദ് കുശ്വാഹ പറഞ്ഞു.
ഡൽഹിയില്‍ ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് ഞങ്ങൾക്ക് സൂചന ലഭിച്ചു. രഹസ്യവിവരത്തെ തുടർന്ന്, സ്പെഷ്യൽ സെൽ തിങ്കളാഴ്ച രാത്രി ലക്ഷ്‌മി നഗറിൽ നിന്ന് അഷ്റഫിനെ അറസ്റ്റ് ചെയ്‌തു.