ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആള്‍മാറാട്ടം നടന്നതായി പരാതി. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്‌താനയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആള്‍മാറാട്ടവും തട്ടിപ്പും നടന്നതായി പരാതി ലഭിച്ചുവെന്ന് കമ്മിഷണര്‍ ട്വീറ്റ് ചെയ്‌തു.
'വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം, തട്ടിപ്പ് എന്നിവ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍റെ പരാതി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്,' രാകേഷ് അസ്‌താന ട്വിറ്ററില്‍ കുറിച്ചു. സംഭവവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരു മേശ രൂപകല്‍പ്പന ചെയ്യാൻ ഡിസൈനറായ കുനാൽ മർച്ചന്‍റിനോട് ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ഔദ്യോഗിക ഇമെയിൽ വിലാസമുള്ള മെയിലിന്‍റെ സ്‌ക്രീൻഷോട്ടും കമ്മിഷണര്‍ പങ്കുവച്ചിട്ടുണ്ട്.