ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ നടുക്കിയ കാഞ്ജവാല കേസിലെ ഏഴ് പ്രതികള്‍ക്കെതിരെ 800 പേജടങ്ങുന്ന കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പൊലീസ്. കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം. കാഞ്ജവാലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 20 വയസുകാരിയെ ഇടിച്ച് തെറിപ്പിച്ച് കാര്‍ കിലോമീറ്ററുകളോളം റോഡിലൂടെ പെണ്‍കുട്ടിയെ വലിച്ചിഴച്ചുവെന്നതാണ് കേസ്.
മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സന്യ ദലാൽ അന്തിമ റിപ്പോർട്ട് ഏപ്രിൽ 13ന് പരിഗണിക്കുന്നതിനായി മാറ്റി. ദീപ ഖന്ന, അമിത് ഖന്ന, കൃഷ്‌ണന്‍, മിഥുന്‍, മനോജ് മിട്ടാല്‍ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിന്‍റെ അടുത്ത ദിവസം ജനുവരി രണ്ടിന് തന്നെ പൊലീസ് പ്രതികളെ അറസ്‌റ്റ് ചെയ്‌തിരുന്നു.
കേസിലെ മറ്റ് രണ്ട് പ്രതികളായ അശുതോഷ് ഭരദ്വാജ്, അന്‍കുഷ് എന്നിവര്‍ക്ക് നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, പ്രതിയായ ദീപക് ഖന്നയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. പ്രതികളുടെ ജുഡീഷ്യല്‍ കസ്‌റ്റഡി ഏപ്രില്‍ 13 വരെ നീട്ടി.
കേസില്‍ 800 പേജുള്ള ചാര്‍ജ് ഷീറ്റും 117 സാക്ഷികളെയുമായിരുന്നു പൊലീസ് ഹാജരാക്കിയത്. അന്വേഷണത്തില്‍ ശേഖരിച്ച വസ്‌തുക്കളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചാര്‍ജ് ഷീറ്റ് പ്രകാരം അമിത് ഖന്ന, കൃഷ്‌ന്‍, മിഥുന്‍, മനോജ് മിട്ടല്‍ എന്നിവര്‍ക്കെതിരെ കൊലപാതകത്തിനാണ് കേസെടുത്തിരിക്കുന്നത്.
മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം അഷുതോഷ്, അമിത് ഖന്ന എന്നിവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. കൂടാതെ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കുറ്റവാളിയെ സംരക്ഷിക്കൽ, തെറ്റായ വിവരങ്ങൾ നല്‍കല്‍, ഒരു പൊതുപ്രവർത്തകൻ തന്‍റെ നിയമപരമായ അധികാരം ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഹാനികരമായ പ്രവര്‍ത്തി ചെയ്യുന്നതിനെതിരായ വകുപ്പ് തുടങ്ങിയവ പ്രകാരമാണ് കേസെന്ന് പൊലീസ് അറിയിച്ചു. കൂടാതെ, മറ്റൊരാളുടെ ജീവന് ആപത്തായ വിധം അമിത വേഗത്തിലും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിന് അമിത് ഖന്നയ്‌ക്കെതിരെ അധിക കുറ്റവും ചുമത്തിയിട്ടുണ്ട്.
പുതുവര്‍ഷപ്പുലരിയിലുണ്ടായ അപകടത്തില്‍ കാറിന്‍റെ ചക്രത്തില്‍ പെണ്‍കുട്ടിയുടെ വസ്‌ത്രം കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴക്കപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ആര്‍ധ നഗ്‌നമായ നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്.
ഇതേതുടര്‍ന്ന് ബലാത്സംഗ കൊലപാതകമെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചിരുന്നത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അപകട മരണമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാറിലുണ്ടായിരുന്ന 15 പേരെ പൊലീസ് കണ്ടെത്തുകയായിരുന്നു. പിന്നീട് പതിനഞ്ചുപേരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
അഞ്ജലിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മാത്രമല്ല, സംഭവത്തില്‍ സ്‌ത്രീകളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഡല്‍ഹി വനിത കമ്മീഷനും പൊലീസിനെതിരെ ആഞ്ഞടിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പൊലീസിനോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ആവശ്യപ്പെടുന്നത്.