ന്യൂഡൽഹി : ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ബിജെപി എംപിയും റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചിട്ടുള്ളത്. അതേസമയം സാഹചര്യ തെളിവുകളുടെ അഭാവത്തിൽ ബ്രിജ് ഭൂഷണെതിരായ പോക്‌സോ ഒഴിവാക്കണമെന്നും പൊലീസ് കുറ്റപത്രത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ജൂലൈ നാലിന് വാദം കേൾക്കും.
സെക്ഷൻ 354 (സ്‌ത്രീയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടരൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്‌തവ മാധ്യമങ്ങളോട് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത താരത്തിന്‍റെ പരാതിയിൽ തെളിവുകളൊന്നും തന്നെയില്ലെന്നും അതിനാൽ പോക്‌സോ ചുമത്താനാകില്ലെന്നും കേസ് റദ്ദാക്കണമെന്നുമാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിക്ക് അടിസ്ഥാന തെളിവുകൾ ഒന്നും തന്നെയില്ലെന്നാണ് പൊലീസ് വാദം. അടുത്തിടെ, വ്യക്‌തി വൈരാഗ്യം മൂലം കെട്ടിച്ചമച്ച പരാതി നൽകിയതാണെന്ന് പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞിരുന്നു.
പ്രതികാര പരാതിയെന്ന് മൊഴി : കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പ് ട്രയൽസിൽ തോറ്റതിലുള്ള പകയാണ് വ്യാജ പരാതിക്ക് കാരണമെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് അടുത്തിടെ പറഞ്ഞത്. തോൽവിക്ക് കാരണമായ റഫറിയുടെ തീരുമാനത്തിന് പിന്നിൽ ബ്രിജ്‌ഭൂഷണാണെന്ന ധാരണയുടെ പുറത്താണ് പ്രതികാരം ചെയ്യാൻ വ്യാജ പരാതി നൽകിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. ഈ മൊഴിയും പൊലീസ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്.