ന്യൂഡൽഹി : ചെങ്കോട്ടയിൽ നടന്ന റിപ്പബ്ലിക് ദിന അക്രമവുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രത്തിൽ, ചരിത്രപരമായ സ്മാരകം പിടിച്ചെടുക്കാനും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കുള്ള സ്ഥലമാക്കി മാറ്റാനും ഗൂഡാലോചന നടന്നതായി ഡല്‍ഹി പൊലീസ്. 3,224 പേജുകളടങ്ങുന്നതാണ് കുറ്റപത്രം. സ്വദേശത്തും വിദേശത്തും കേന്ദ്രത്തിന്‍റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനാണ് റിപ്പബ്ലിക് ദിനം പോലുള്ള ഒരു അവസരം തിരഞ്ഞെടുത്തത്. ഹരിയാനയിലെയും പഞ്ചാബിലെയും ട്രാക്ടറുകളും ട്രോളികളും വാങ്ങി സമരമുഖത്തെത്തിച്ചതിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
Read Also…..ചെങ്കോട്ട സംഘർഷം: ജാമ്യം അനുവദിച്ച് മണിക്കൂറുകൾക്കം നടൻ ദീപ് സിദ്ദു വീണ്ടും അറസ്‌റ്റില്‍
സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 9ന് സിദ്ദുവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ദീപ് സിദ്ദു ഉൾപ്പെടെ 16 പേർക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസന്വേഷണ ചുമതലയുള്ള ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് 3,224 പേജുള്ള അന്തിമ റിപ്പോർട്ടാണ് മെയ് 17 ന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുന്നിൽ സമർപ്പിച്ചത്. സിദ്ദു ഉൾപ്പെടെ 16 പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
കലാപം, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന, അധാർമ്മികത, കുറ്റകരമായ നരഹത്യ എന്നീ കുറ്റങ്ങളാണ് സിദ്ധുവിനെതിരെ ചുമത്തിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ കലാപം നടത്തിയ കേസിൽ രണ്ടുമാസത്തിലേറെ ജയിലിൽ കഴിഞ്ഞ സിദ്ദു ഏപ്രിൽ 17 നാണ് ജാമ്യത്തിൽ ഇറങ്ങിയത്. അതേസമയം മെയ് 17ന് തീസ് ഹസാരിയിലെ മജിസ്‌ട്രേറ്റിന് മുമ്പാണ് കുറ്റപത്രം സമർപ്പിച്ചത്. കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി മെയ് 28 ലേക്ക് മാറ്റിയിട്ടുണ്ട്.