ന്യൂഡൽഹി:മസാജിങ് എന്ന വ്യാജേന ഹണിട്രാപ്പിലൂടെ നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത സംഘം ഡൽഹി പൊലീസിന്‍റെ പിടിയിൽ. സണ്ണി സുനേജ, എംഡി ഷഫീഖ്, ദീപക് ബുദ്ധിരാജ, ഹേമലത എന്നിവരാണ് അറസ്റ്റിലായത്. ബൽബീർ നഗർ ഷഹ്ദാര സ്വദേശിയായ നന്ദ് കിഷോർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇന്‍റർനെറ്റിലൂടെയാണ് മസാജ് പ്രൊവൈഡർ എന്ന പേരിൽ ഒരു സ്‌ത്രീയെ പരിചയപ്പെട്ടത്. തുടർന്ന് വാട്‌സാപ്പിലൂടെ ഇവർ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ജനുവരി 29ന് സീമാപുരി ഡിടിസി ഡിപ്പോയിൽ വച്ച് കാണണമെന്നാവശ്യപ്പെട്ട് യുവതി പരാതിക്കാരനെ വിളിച്ചുവരുത്തി.
തുടർന്ന് യുവതി സുഹൃത്തിന്‍റെ വീട്ടിലേക്കെന്ന വ്യാജേന പരാതിക്കാരനെ കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തി കുറച്ച് സമയത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സംഘത്തിലെ മറ്റ് ആളുകൾ വീട്ടിലേക്ക് എത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ കൈക്കലാക്കുകയും 10 ലക്ഷം രൂപ തന്നില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇയാളെ വാഹനത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് എന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി. തുടർന്ന് യാത്രാമധ്യേ പരാതിക്കാരൻ പണം നൽകാമെന്ന് സമ്മതിച്ചു. എന്നാൽ, വാഹനത്തിലുള്ളവരുടെ ശ്രദ്ധ തെറ്റിയപ്പോൾ രക്ഷപ്പെടാനായി പരാതിക്കാരൻ വാഹനത്തിൽ നിന്നും എടുത്ത് ചാടി. തുടർന്ന് ഇയാളുടെ നിലവിളി കേട്ട് ഓടിക്കൂടിയവർ തട്ടിപ്പ് സംഘത്തെ പിടികൂടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തിന് ഉപയോഗിച്ച കാർ, പ്രതികൾ ഉപയോഗിച്ച നാല് മൊബൈൽഫോണുകൾ എന്നിവ പൊലീസ് പിടികൂടി.