ന്യൂഡൽഹി :രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ സ്ഫോടനം നടത്താൻ ആസൂത്രണം ചെയ്‌ത ആറ് ഭീകരരെ പിടികൂടി ഡൽഹി പൊലീസ്. സംഘത്തില്‍ പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച രണ്ട് തീവ്രവാദികളും ഉൾപ്പെട്ടതായി പൊലീസ് സ്പെഷ്യൽ സെൽ അറിയിച്ചു. പ്രതികളിൽ നിന്ന് സ്ഫോടകവസ്തുക്കളും തോക്കുകളും പിടിച്ചെടുത്തു.
രണ്ട് പേരെ ഡൽഹിയിൽ നിന്നും മൂന്ന് പേരെ ഉത്തർപ്രദേശിൽ നിന്നും ഒരാളെ രാജസ്ഥാനിലെ കോട്ടയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ നീരജ് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. ജാൻ മുഹമ്മദ് അലി ഷെയ്ഖ്, സീഷാൻ ഖമർ, ഒസാമ, മൊഹ്ദ് അബൂബക്കര്‍ എന്നിവര്‍ പിടിയിലാവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെ ഫോട്ടോ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു.
'പദ്ധതിയുടെ ഏകോപനം അതിര്‍ത്തിക്കപ്പുറത്ത് നിന്നും'
പാകിസ്ഥാന്‍റെ ഭീകരാക്രമണശ്രമം പൊളിച്ചിരിക്കുകയാണ്. ആ രാജ്യം പരിശീലിപ്പിച്ച രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം ആക്രമണം നടത്താന്‍ പദ്ധയിട്ട ഭീകരില്‍ നിന്നും സ്ഫോടകവസ്തുക്കളും തോക്കുകളും കണ്ടെടുത്തുവെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പ്രമോദ് സിങ് കുഷ്വാ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടുപേരെ മസ്‌കറ്റ് വഴിയാണ് പാകിസ്ഥാനിലേക്ക് കൊണ്ടുപോയത്. എ.കെ 47 ഉൾപ്പെടെയുള്ള തോക്കുകളും സ്ഫോടക വസ്‌തുക്കളും ഉപയോഗിക്കുന്നതില്‍ 15 ദിവസത്തെ പരിശീലനം നൽകി.
സമാനമായ പരിശീലനത്തിന്‍റെ ഭാഗമായെന്ന് കരുതുന്ന ബംഗാളി സംസാരിക്കുന്ന 15 ആളുകൾ അവരുടെ സംഘത്തിലുണ്ടെന്ന് അറസ്റ്റിലായവർ വെളിപ്പെടുത്തിയിട്ടുണ്ട്. അതിർത്തിക്കപ്പുറത്ത് നിന്നുമാണ് പദ്ധതി ഏകോപ്പിക്കുന്നതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പറഞ്ഞു.
ALSO READ:ബംഗാളിൽ 130 കുട്ടികള്‍ ആശുപത്രിയിൽ ; ജാപ്പനീസ് എൻസഫലൈറ്റിസെന്ന് സംശയം