ന്യൂഡൽഹി: ആയുധ പരിശീലനത്തിനായി അനധികൃതമായി അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് പുറപ്പെടാൻ പദ്ധതിയിട്ടിരുന്ന രണ്ട് പേരെ ഡൽഹി സ്‌പെഷ്യൽ പൊലീസ് അറസ്റ്റ് ചെയ്‌തു. മഹാരാഷ്‌ട്ര താനെ വെസ്റ്റ് സ്വദേശി ഖാലിദ് മുബാറക് ഖാൻ (21), തമിഴ്‌നാട് സ്വദേശി അബ്‌ദുള്ള (26) എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തത്. പിടിയിലായ രണ്ടുപേരും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാരിൽ നിന്നും നിർദേശങ്ങൾ സ്വീകരിച്ചിരുന്നെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
ആയുധപരിശീലനത്തിന് അനധികൃതമായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി; 2 പേർ പിടിയിൽ - മഹാരാഷ്‌ട്ര താനെ
ആയുധപരിശീലനത്തിന് പോകാനൊരുങ്ങി പാക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാൻഡ്‌ലർമാരുമായി സമ്പർക്കം പുലർത്തിയ മഹാരാഷ്‌ട്ര താനെ വെസ്റ്റ് സ്വദേശി ഖാലിദ് മുബാറക് ഖാൻ (21), തമിഴ്‌നാട് സ്വദേശി അബ്‌ദുള്ള (26) എന്നിവരെ ഡൽഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്‌തു.
ഇവരിൽ നിന്നും രണ്ട് പിസ്റ്റലുകൾ, 10 വെടിയുണ്ടകൾ, കത്തി, വയർ കട്ടർ എന്നിവ കണ്ടെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ പാക് ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാർ ചില വ്യക്തികളെ സ്വാധീനിക്കുന്നുവെന്നും ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നതിന് മുമ്പ് പാകിസ്ഥാനിൽ ആയുധപരിശീലനം നടത്താൻ നിർദേശം നൽകുന്നു എന്നും ഡൽഹി പൊലീസ് അറിയിച്ചു.
2023 ഫെബ്രുവരി 14 ന്, തീവ്രവാദ മൊഡ്യൂളിനോട് കൂറ് പുലർത്തുന്ന ചില തീവ്രവാദികൾ ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ മുംബൈ വഴി ദില്ലിയിലേക്ക് വരുമെന്നും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലറുടെ സഹായത്തോടെ തീവ്രവാദ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകുമെന്നും വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഖാലിദ് മുബാറക് ഖാൻ, അബ്‌ദുള്ള എന്നിവർ പിടിയിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.