ന്യൂഡൽഹി : ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തെരയുന്ന മൂന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെ പിടികൂടി ഡൽഹി പൊലീസ് (Delhi Police Arrested ISIS Terrorists). വിദേശികളില്‍ നിന്നും നിർദേശങ്ങൾ സ്വീകരിച്ച് ഉത്തരേന്ത്യയിൽ തീവ്രവാദ സംഭവങ്ങൾ നടത്താൻ ഇവര്‍ പദ്ധതിയിട്ടിരുന്നതായി ഡൽഹി പൊലീസ് പറഞ്ഞു.
ഐഇഡി നിർമാണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന വസ്‌തുക്കൾ ഉൾപ്പെടെയുള്ള കുറ്റകരമായ ഉത്‌പന്നങ്ങള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. മൂന്ന് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഭീകരരിൽ ഒരാളായ ഷാനവാസ് ഏലിയാസ് ഷാഫി ഉസമയെ തിരിച്ചറിഞ്ഞത്. ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൂനെ ഐഎസ്‌ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) കേസിൽ പ്രതികളായ ഷാനവാസ് ഉൾപ്പെടെയുള്ള നാല് ഭീകരവാദികളുടെ ചിത്രങ്ങൾ കഴിഞ്ഞ മാസം എൻഐഎ പുറത്തുവിടുകയും അവരെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഒപ്പം വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഏജൻസി അറിയിച്ചിരുന്നു.
ജൂലൈ 17-18 രാത്രിയിൽ പൂനെയിലെ കോത്രൂഡ് പ്രദേശത്ത് മോട്ടോർ സൈക്കിൾ മോഷ്‌ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാനവാസിനെ പൂനെ പൊലീസ് പിടികൂടിയത്. അന്വേഷണത്തിൽ വിദേശികള്‍ മറ്റ് രണ്ട് തീവ്രവാദികളുമായി ഷാനവാസിനെ ബന്ധപ്പെടുത്തിയിട്ടുള്ളതായും ഭീകരാക്രമണം നടത്താനുള്ള നിർദേശങ്ങള്‍ നല്‍കിയതായും മനസിലായി.
എഞ്ചിനീയറായ ഷാനവാസ് പൂനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഡൽഹിയിൽ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി പൊലീസ് സ്‌പെഷ്യൽ സെൽ മറ്റ് ചിലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.