ന്യൂഡൽഹി: ഷഹീൻബാഗിലെ പൊളിച്ചുനീക്കലിനെതിരെ പ്രതിഷേധം തുടരവെ, ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ ഗുരുദ്വാര റോഡിൽ ചൊവ്വാഴ്‌ച (മെയ് 10) ഒഴിപ്പിക്കൽ നടപടികളുമായി സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എസ്‌ഡിഎംസി).അധികൃതര്‍
ബുൾഡോസറുമായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പ്രദേശത്തെ അനധികൃത താൽകാലിക കെട്ടിടങ്ങൾ നീക്കം ചെയ്‌തതായി അതോറിറ്റി അറിയിച്ചു. നാട്ടുകാരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്‌ച (മെയ് 9) ഷഹീൻബാഗിൽ നടപടിയെടുക്കാതെ അധികൃതര്‍ക്ക് മടങ്ങേണ്ടി വന്നതിന്‍റെ പിറ്റേന്നാണ് ഈ നീക്കം.
കോളനിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും ഒഴിപ്പിക്കൽ ആരംഭിച്ചതായി എസ്‌ഡിഎംസി സെൻട്രൽ സോൺ ചെയർമാൻ രാജ്‌പാൽ സിങ് പറഞ്ഞു. പൊലീസ് സേനയുടെ സഹകരണത്തോടെ ബുൾഡോസറുകളും ട്രക്കുകളുമെത്തിച്ച് ബൗധ ധർമ ക്ഷേത്രത്തിന് സമീപത്തും ഗുരുദ്വാര റോഡിലും ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ സമീപ പ്രദേശങ്ങളിലുമുള്ള കടകൾ, താൽക്കാലിക കെട്ടിടങ്ങൾ, കുടിലുകൾ മുതലായവ നീക്കം ചെയ്‌തുതുടങ്ങി.