ഡൽഹി മുനിസിപ്പൽ കോർപ്പറേഷനില്‍ കയ്യാങ്കളി ന്യൂഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനില്‍ സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി - ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. ഡൽഹി സിവിക് സെന്‍ററിൽ ഇന്ന് സഭ ചേര്‍ന്നപ്പോഴാണ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും ബഹളവും കയ്യാങ്കളിയിലേക്ക് നീണ്ടത്. അതേസമയം എഎപി - ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കൗണ്‍സിലര്‍ കുഴഞ്ഞുവീണു.
അടി, തിരിച്ചടി, കൂട്ടയടി: സഭ ചേര്‍ന്ന മൂന്നാം ദിവസമായ ഇന്നും കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള കലഹത്തിന് അയവുണ്ടായിരുന്നില്ല. പുരുഷ കൗണ്‍സിലര്‍മാര്‍ പരസ്‌പരം ചെരുപ്പേറിലേക്ക് നീങ്ങിയപ്പോള്‍ വനിത കൗണ്‍സിലര്‍മാര്‍ പരസ്‌പരം മുടിക്ക് പിടിച്ചായിരുന്നു തമ്മിലടി. തുടര്‍ന്ന് രാത്രി ഏഴ് മണിയോടെ ബിജെപി കൗണ്‍സിലര്‍മാര്‍ വോട്ടെണ്ണല്‍ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് മേയറുടെ ചേമ്പറിലേക്ക് നീങ്ങി. എന്നാല്‍ ഇവിടെ വച്ച് സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞതോടെ പിന്നിലൂടെ മേയറുടെ കസേരയ്‌ക്ക് അടുത്തെത്തി. ഈ സമയം എഴുന്നേറ്റ മേയറുടെ കസേരയും കൗണ്‍സിലര്‍മാര്‍ തള്ളി താഴെയിട്ടു.
പ്രതിഷേധം കനത്തതോടെ ഇറങ്ങിപ്പോയി മേയര്‍:ഒരു വോട്ട് അസാധുവായി കണക്കാക്കി വോട്ടുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കാനിരിക്കെ വോട്ടുകൾ കൃത്യമായി എണ്ണണമെന്ന നിലപാടിൽ ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും പ്രതിഷേധമുയര്‍ത്തി. ഇതോടെ സഭയിലെ ബഹളത്തിനിടെ മേയറും കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും ജീവനക്കാരും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. തര്‍ക്കത്തിനിടെ ബോധരഹിതനായി കുഴഞ്ഞുവീണ കൗണ്‍സിലറെ മേശപ്പുറത്ത് കിടത്തി വെള്ളം കൊടുക്കുന്ന കാഴ്‌ചയും സഭ തളത്തില്‍ അരങ്ങേറി. അതേസമയം സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണൽ നടത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ബിജെപിയംഗം കമൽജീത് സെഹ്‌രാവത്ത് അറിയിച്ചു.
വോട്ടാണ് പ്രശ്‌നം: സ്‌റ്റാൻഡിങ് കമ്മിറ്റിയിലെ ആറ് അംഗങ്ങൾക്കായി രാവിലെ 10 മുതൽ 2.30 വരെയാണ് വോട്ടെടുപ്പ് നടന്നത്. 250 അംഗ മുനിസിപ്പൽ കോർപ്പറേഷനില്‍ എട്ട് കോൺഗ്രസ് കൗൺസിലർമാർ വിട്ടുനിന്നതിനാൽ 242 അംഗങ്ങൾ മാത്രമാണ് വോട്ടുചെയ്‌തത്. എന്നാല്‍ വോട്ടെണ്ണൽ വേളയിൽ ഒരു വോട്ട് അസാധുവായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വോട്ട് അസാധുവാക്കിയ നടപടിയില്‍ വഞ്ചകന്‍, കള്ളന്‍ എന്നെല്ലാം മുദ്രാവാക്യങ്ങൾ ഉയർത്തി ബിജെപി കൗൺസിലർമാർ രംഗത്തെത്തുകയായിരുന്നു.
വല്ലാതെ 'നീണ്ട തെരഞ്ഞെടുപ്പ്':സുപ്രീം കോടതി നിർദേശപ്രകാരം ഫെബ്രുവരി 22നായിരുന്നു ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പ്. അന്നുതന്നെയായിരുന്നു സ്‌റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കേണ്ടിയിരുന്നത്. അന്ന് 47 കൗൺസിലർമാരും വോട്ട് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇതിനിടെ ചില കൗണ്‍സിലര്‍മാര്‍ പേനയും മൊബൈലും കയ്യിലെടുത്തതിനെ ചൊല്ലി സഭയില്‍ ബഹളമുണ്ടായി. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പ് മുടങ്ങി. തുടര്‍ന്ന് 18 മണിക്കൂറോളം പണിപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് പുനരാരംഭിക്കാനായില്ല. മാത്രമല്ല ഇതിനിടെ 13 തവണ സഭ നിർത്തിവയ്‌ക്കേണ്ടതായും വന്നു. ഇതിനെ തുടര്‍ന്നായിരുന്നു വോട്ടെടുപ്പ് ഇന്നത്തേക്ക് മാറ്റിവച്ചത്.